കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് ആന്റി നാർക്കോട്ടിക് ടീം പിടിച്ചെടുത്തത്. സമീപ കാലത്തായി ജില്ലയിൽ നിന്ന് പിടിച്ചെടുത്ത ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. സംഭവവുമായി ബന്ധപ്പെട്ടു കാസർഗോഡ് സ്വദേശികളായ അബൂബക്കർ സിദ്ദിഖ് (39), മുഹമ്മദ് ഫൈസൽ (36) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിൽ എസ്ബിഐ ബാങ്കിന് സമീപമുള്ള പേ പാർക്കിങ് ഏരിയയിൽ വെച്ചാണ് പ്രതികളെയും കാറിൽ രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടികൂടിയത്. പുതുവൽസര ആഘോഷത്തിന്റെ മറവിൽ വൻതോതിലുള്ള ലഹരി വിൽപ്പന ലക്ഷ്യമിട്ടാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. നഗരത്തിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതി.
കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനുജ് പൈവാളിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി സ്വീകരിച്ചത്. നടക്കാവ് പോലീസും ആന്റി നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ പി ജേക്കമ്പിന്റെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക് ഷാഡോ ടീം അംഗങ്ങളും ചേർന്നാണ് കാറിൽ പരിശോധന നടത്തിയത്.
Most Read| ഖത്തറിൽ തടവിൽ കഴിയുന്ന ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി







































