തിരുവനന്തപുരം: പുതുവൽസര ആഘോഷത്തിൽ കർശന നിർദ്ദേശവുമായി പോലീസ്, എക്സൈസ് വിഭാഗങ്ങൾ രംഗത്ത്. ഡിജെ പാർട്ടി നടത്തുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും മുൻകൂട്ടി എക്സൈസിന്റെ അനുമതി തേടാൻ നിർദ്ദേശം നൽകി. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും എക്സൈസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്ത് പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാനാണ് പോലീസ് നിർദ്ദേശം. രാത്രി 12 മണിയോടെ ആഘോഷ പരിപാടികൾ അവസാനിപ്പിക്കാനാണ് നിർദ്ദേശം. മാനവീയം വീഥിയിൽ പ്രത്യേക സുരക്ഷ ഒരുക്കാനാണ് പോലീസ് പദ്ധതി. ആഘോഷ പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ 1500 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്.
ശംഖുമുഖം, കോവളം, വർക്കല ബീച്ചുകൾ കേന്ദ്രീകരിച്ചാണ് തിരുവനന്തപുരത്ത് പ്രധാനമായും പുതുവൽസര ആഘോഷം നടക്കുന്നത്. ഇവിടങ്ങളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവക്ക് പുറമെ മാളുകൾ, ക്ളബുകൾ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കും.
മദ്യപിച്ചു വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, അമിതവേഗത, ഡ്രൈവിങ് അഭ്യാസങ്ങൾ തുടങ്ങിയവ നിരീക്ഷിക്കാൻ ശക്തമായ പോലീസ് പരിശോധനയും നടത്തും. പ്രധാനപ്പെട്ട ജങ്ഷനിൽ പട്രോളിങ്ങും ശക്തമാക്കാനാണ് പോലീസ് തീരുമാനം. മയക്കുമരുന്ന് ഉൾപ്പടെയുള്ള ലഹരിമരുന്ന് ഉപയോഗം തടയാൻ ഡിജെ പാർട്ടികൾ അടക്കം നിയന്ത്രിക്കും. 12 മണിവരെ ആയിരിക്കും ആഘോഷ പരിപാടികൾക്ക് അനുമതി ഉണ്ടാവുക.
Most Read| സ്വകാര്യ പെട്രോൾ പമ്പുടമകളുടെ സൂചനാ പണിമുടക്ക് ഇന്ന് രാത്രി മുതൽ







































