വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ കിടന്നയാളെ ആശുപത്രിയിൽ എത്തിച്ച സ്വകാര്യ ബസ് ജീവനക്കാർക്കാണ് ഇന്ന് സോഷ്യൽ മീഡിയ ഒന്നാകെ, ഒരു നാടൊന്നാകെ കൈയ്യടികൾ നൽകുന്നത്. വരുംവരായ്‌കകൾ ഒന്നും നോക്കാതെ മനുഷ്യജീവനുകളെ ചേർത്ത് പിടിക്കാൻ തയ്യാറായ ബസിലെ ജീവനക്കാരാണ് ഇന്നത്തെ ഹീറോകൾ.
പാലക്കാട് നെൻമാറ ഗോമതിയിലാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മാതൃകാപരമായ ഇടപെടൽ ഉണ്ടായത്. പലപ്പോഴും സ്വകാര്യ ബസുകളുടെ മൽസര ഓട്ടവും അപകടകഥകളും മാദ്ധ്യമങ്ങളിൽ വലിയ വാർത്തയാകാറുണ്ട്. എന്നാൽ, സ്വകാര്യ ബസ് തൊഴിലാളികൾ ചെയ്യുന്ന നൻമകൾ അധികമാരും അറിയാറുമില്ല. ഇവിടെയാണ് ‘ലതഗൗതം’ എന്ന ബസ് ജീവനക്കാർ വേറിട്ട് നിൽക്കുന്നത്.
ഇന്നലെയായിരുന്നു സംഭവം. ഗോമതിയിൽ വെച്ച് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ വാൻ നിർത്താതെ പോയി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരിൽ ഒരാളെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. രണ്ടാമത്തെയാളെ കൊണ്ടുപോകാൻ വാഹനം കാത്തുനിൽക്കുന്നതിനിടെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ ഇടപെടൽ ഉണ്ടായത്.
ഈ സമയം ഇതുവഴി കടന്നുവന്ന ഗോവിന്ദാപുരം- തൃശൂർ റൂട്ടിലോടുന്ന ‘ലതഗൗതം’ ബസ് സ്‌ഥലത്ത് നിർത്തുകയായിരുന്നു. രക്‌തത്തിൽ കുളിച്ചുകിടക്കുന്ന യുവാവിനെ കണ്ടതോടെ ബസിലെ ജീവനക്കാർ യുവാവിനേയും പൊക്കിയെടുത്ത് ആശുപത്രിയിലേക്ക് കുതിച്ചു. സ്വകാര്യ ബസ് ആശുപത്രിയിൽ എത്തിയത് കണ്ട് ആദ്യം ആശുപത്രിയിൽ ഉണ്ടായിരുന്നവർ ഞെട്ടിയെങ്കിലും കാര്യം അറിഞ്ഞപ്പോൾ ജീവനക്കാരെ അഭിനന്ദിച്ചു.
സമയത്തിന് ഏറെ വില നൽകുന്നവരാണ് ബസ് ജീവനക്കാർ. എന്നാൽ അതെല്ലാം മറന്ന് മനുഷ്യന്റെ ജീവനായി ഓടിയപ്പോൾ അതിലെ യാത്രക്കാരും സഹകരിച്ചു. പരിക്കേറ്റ യുവാക്കൾ ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. അപകടത്തിൽ നെൻമാറ ചാത്തമംഗലം സ്വദേശി ഗംഗാധരൻ (48), അയിലൂർ സ്വദേശി സതീഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്.
അതിനിടെ, ഇതേ ബസിലെ ജീവനക്കാർ അപസ്‌മാരം വന്നൊരു സ്‌ത്രീയെ ആശുപത്രിയിൽ എത്തിച്ചുവെന്ന പുതിയ വാർത്തയും പുറത്തുവരുന്നുണ്ട്. ബസിനുള്ളിൽ വെച്ചാണ് സ്‌ത്രീക്ക് അപസ്‌മാരം വന്നത്. ഉടനെ ബസ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം.
അതിനിടെ, ലതാഗൗതം ബസിനെ കുറിച്ച് നൻമയുള്ള വാർത്തകൾ വരവേ ഇത് കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരിലൊരാൾ ബസ് ജീവനക്കാർക്ക് 10,000 രൂപ പാരിതോഷികമായി സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഈ പണം അപകടത്തിൽപ്പെട്ടവർക്ക് നൽകുമെന്നാണ് ബസിലെ ജീവനക്കാർ പറയുന്നത്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്








































