കൊച്ചി: കുവൈത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്തിക്കുന്നതിന് മുന്നോടിയായി നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രിമാർ. ലോകത്തെ തന്നെ നടുക്കിയ ദുരന്തമാണ് കുവൈത്തിൽ നടന്നതെന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
”സമീപകാലത്ത് എല്ലാവരുടെയും മനസിനെ ഇത്രമാത്രം പിടിച്ചുലച്ച സംഭവം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തിൽ എത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരിൽ ഗുരുതരാവസ്‌ഥയിൽ ഉള്ളവരുണ്ട്. വിവരം അറിഞ്ഞയുടൻ കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ ഇടപെട്ടു. ഇന്ത്യൻ സമയം 6.20നാണ് അവിടെ നിന്നും വിമാനം ടേക്ക് ഓഫ് ചെയ്‌തത്. പത്ത് മണി കഴിഞ്ഞു വിമാനം കൊച്ചിയിലെത്തും”- മന്ത്രി പറഞ്ഞു.
”വിമാനം ഡെൽഹിയിലേക്കാണ് വരാനിരുന്നത്. എന്നാൽ, ഇന്നലെ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് വിമാനം കൊച്ചിയിലേക്കെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മലയാളികൾക്ക് പുറമെ ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങൾ സംസ്‌ഥാന സർക്കാർ കൊച്ചിയിൽ ഏറ്റുവാങ്ങും. കേരള അതിർത്തി കഴിയുന്നത് വരെ മറ്റു സംസ്‌ഥാനങ്ങളിലേക്കുള്ള മൃതദേഹങ്ങളെ സംസ്‌ഥാന പോലീസ് അകമ്പടി കൊടുക്കും”- കെ രാജൻ അറിയിച്ചു.
അതേസമയം, തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിൽ എല്ലാ നടപടികളും പൂർത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗം മലയാളികളാണ്. അവരുടെ ആരോഗ്യസ്‌ഥിതിയുമായി ബന്ധപ്പെട്ടുള്ള പൂർണ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കുവൈത്തിലേക്ക് പുറപ്പെടാൻ യാത്രാ അനുമതി നിഷേധിച്ചതിലും മന്ത്രി പ്രതികരിച്ചു. ദുരന്തമുഖത്ത് നിൽക്കുമ്പോൾ ഇത്തരം നടപടി വേണ്ടായിരുന്നു. എവിടെ എത്തിയിരുന്നെങ്കിൽ കുറച്ചൂടെ കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ