തിരുവനന്തപുരം: ഒആർ കേളു മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ഇന്ന് വൈകിട്ട് നാലിന് രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പട്ടികജാതി, പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായാണ് അധികാരമേറ്റത്. സഗൗരവത്തിലാണ് കേളു സത്യപ്രതിജ്‌ഞ ചെയ്‌തത്.
ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്‌ണന് പകരമായിട്ടാണ് മാനന്തവാടി എംഎൽഎയായ ഒആർ കേളു മന്ത്രിസഭയിലേക്ക് എത്തുന്നത്. വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയും ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി മന്ത്രിയായ സിപിഎം നേതാവുമാണ് കേളു. സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് കേളുവിനെ പരിഗണിക്കാനുള്ള അനുകൂല ഘടകങ്ങളെന്നാണ് റിപ്പോർട്.
വയനാട് ജില്ലയിൽ നിന്ന് സിപിഎം സംസ്‌ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് ഒആർ കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയർമാൻ കൂടിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ കേളു സജീവ സാന്നിധ്യമാണ്.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽ നിന്ന് 2000ത്തിൽ പഞ്ചായത്ത് അംഗമായാണ് തുടക്കം. തുടർന്ന് 2005ലും 2010ലും തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി. പിന്നീട് 2015ൽ തിരുനെല്ലി ഡിവിഷനിൽ നിന്നും മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പികെ ജയലക്ഷ്‌മിയെ തോൽപ്പിച്ച് മാനന്തവാടി മണ്ഡലം എംഎൽഎയായി. 2021ലും വിജയം ആവർത്തിച്ചു.
കെ രാധാകൃഷ്‌ണൻ കൈകാര്യം ചെയ്‌ത വകുപ്പുകളല്ല കേളുവിന് നൽകിയത്. രാധാകൃഷ്‌ണൻ കൈകാര്യം ചെയ്‌തിരുന്ന ദേവസ്വം വകുപ്പ് വിഎൻ വാസവനും പാർലമെന്ററി കാര്യം എംബി രാജേഷിനും കൈമാറി. ആദ്യമായി മന്ത്രിയാകുന്നുവെന്ന കാരണത്താലാണ് കേളുവിന് ഈ വകുപ്പുകൾ നൽകാത്തതെന്നാണ് സിപിഎം വൃത്തങ്ങൾ പറയുന്നത്.
Most Read| രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം; റദ്ദാക്കും