കൊൽക്കത്ത: സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഒറ്റെക്കെട്ടായി നിൽക്കണമെന്ന് ദുർഗാ പൂജ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അക്രമികളോട് വിട്ടുവീഴ്‌ചയില്ല, വധശിക്ഷവരെ ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്‌ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിക്കൽ കൂടിയായിരുന്നു മോദിയുടെ ദുർഗാ പൂജ സന്ദേശം. മോദിയുടെ പ്രസംഗം 98000 ബൂത്തുകളിൽ ബിജെപി തൽസമയം കാണിച്ചു. പശ്‌ചിമ ബംഗാളിനുള്ള കേന്ദ്രസഹായവും സംസ്‌ഥാനത്തെ അക്രമങ്ങളും പരാമർശിച്ചായിരുന്നു നരേന്ദ്ര മോദിയുടെ സന്ദേശം.
ഹത്രസിൽ 19കാരിയുടെ ബലാൽസംഗക്കൊല ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് തിരിച്ചടിയായി നിൽക്കുമ്പോൾ സ്‌ത്രീ സുരക്ഷയിൽ വിട്ടുവീഴ്‌ചയില്ലെന്ന പ്രഖ്യാപനം നടത്താനും മോദി മറന്നില്ല. കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചപ്പോൾ പോലും പരാമർശിക്കാത്ത ‘സ്‌ത്രീ സുരക്ഷ’യാണ് ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി കണക്കാക്കുന്ന ദുർഗാ പൂജ സന്ദേശത്തിൽ മോദി പറഞ്ഞിരിക്കുന്നത്.
Also Read: മോദീ, നിങ്ങൾ പ്രധാനപ്പെട്ട 6 പ്രശ്‌നങ്ങൾ വിട്ടുപോയി; വിമർശിച്ച് കോൺഗ്രസ് നേതാവ്
ബിഹാറിലും സ്‌ത്രീ വോട്ടർമാരിലാണ് എൻഡിഎ സഖ്യത്തിന്റെ പ്രതീക്ഷ എന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഈ ഉറപ്പ്. ആ പ്രതീക്ഷയുടെ ഭാഗമായാണ് ബിഹാറിൽ ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയിൽ ഒരുകോടി സ്‌ത്രീകളെ സ്വയം പര്യാപ്‌തരാക്കും എന്ന പ്രഖ്യാപനം ബിജെപി നടത്തിയത്.
Also Read: ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് സൗജന്യ വാക്‌സിനില്ലേ?; പ്രകടന പത്രികക്കെതിരെ ചോദ്യം ഉയരുന്നു







































