പത്തനംതിട്ട: കുരങ്ങുപനിക്കെതിരെ (എം പോക്‌സ്) ലോകാരോഗ്യ സംഘടന ആഗോള ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ ആശങ്കയോടെ കേരളം. ഇന്ത്യയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട് ചെയ്‌തത് കേരളത്തിൽ ആയതിനാൽ, സംസ്‌ഥാനം മുൻകരുതൽ എടുക്കണോ എന്ന ചോദ്യവുമായി ആരോഗ്യ രംഗത്തെ വിദഗ്‌ധർ രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോൾ കോംഗോ ജനാധിപത്യ റിപ്പബ്ളിക്കിലും ഏതാനും സമീപ ആഫ്രിക്കൻ രാജ്യങ്ങളിലും രോഗികളുടെ എണ്ണം 400ലേറെ കടന്നതോടെയാണ് ലോകാരോഗ്യ സംഘടന പിഎച്ച് ഇഐസി പ്രഖ്യാപിച്ചത്. പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥ എന്നാണ് ഇതിനെ പറയുന്നത്. നിലവിൽ ഇന്ത്യയിൽ കേസുകൾ ഒന്നുമില്ലെങ്കിലും ഏറ്റവുമധികം രാജ്യാന്തര യാത്രക്കാരെത്തുന്ന രാജ്യങ്ങളിൽ ഒന്നെന്ന നിലയിൽ ഇന്ത്യയിലും ജാഗ്രത ആരംഭിക്കുമെന്നാണ് സൂചന.
രാജ്യാന്തര യാത്രികരെത്തുന്ന സംസ്‌ഥാനമെന്ന നിലയിലും പൂർവ രോഗബാധാ ചരിത്രമുള്ളതിനാലുമാണ് കേരളത്തിൽ ജാഗ്രത വേണ്ടിവരിക. 2022 ജൂലൈ 14ന് യുഎഇയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനയാത്രക്കാരനിലാണ് കുരങ്ങുപനിക്ക് സമാനമായ ലക്ഷണങ്ങൾ ആദ്യമായി കണ്ടത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇന്ത്യയിൽ ഇതുവരെ 27 കുരങ്ങുപനി കേസുകളാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്.
2022 മുതൽ ഇതുവരെ 200ലേറെ പേരുടെ മരണത്തിന് കാരണമായ ഈ വൈറസ് രോഗം 116 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം പേരെ ബാധിച്ചതായാണ് കണക്ക്. 2022 ജൂലൈയിലാണ് ഇതിന് മുൻപ് ഈ രോഗത്തിനെതിരെ ലോകാരോഗ്യ സംഘടന മുൻകരുതൽ പ്രഖ്യാപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഫീൽഡ് യൂണിറ്റിലും പരിശോധനാ സംവിധാനം ഒരുക്കി 2022ൽ കേരളം കുരങ്ങുപനി വ്യാപനം ഫലപ്രദമായി തടഞ്ഞിരുന്നു.
ഭൂമുഖത്ത് നിന്നുതന്നെ നിർമാർജനം ചെയ്യപ്പെട്ടുവെന്ന് കരുതുന്ന വസൂരി രോഗത്തിന് സമാന ലക്ഷണങ്ങൾ പ്രകടമാക്കുന്ന ഈ വൈറസ് ജന്യരോഗം ഇത്തവണ ലൈംഗിക ബന്ധത്തിലൂടെയാണ് പടരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പനി, ദേഹമാസകലം പൊങ്ങിത്തടിച്ചത് പോലെ ഉണ്ടാകുന്ന കുമിളകൾ, പേശീവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
10-20 ദിവസംകൊണ്ടു സ്വയം ശമിക്കുമെങ്കിലും പോഷകാഹാര കുറവുള്ളവരെയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ കഴിയുന്നവരെയും രോഗം പെട്ടെന്ന് കീഴടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 15,600 പേർക്ക് രോഗബാധ ഉണ്ടായ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിൽ ഇതുവരെ 537 പേർ മരണമടഞ്ഞത് ആശങ്ക ഉയർത്തുന്ന കാര്യമാണെന്ന് ലോകാരോഗ്യ സംഘടനാ സെക്രട്ടറി ജനറൽ തെദ്രോസ് ഗബ്രിയേശുസ് പറഞ്ഞു.
‘എൽബി’ എന്ന പുതിയ വൈറസ് വകഭേദമാണ് ഇപ്പോഴത്തെ രോഗബാധക്ക് പിന്നിലെന്നാണ് അനുമാനം. വൈറസ് ബാധയുള്ള മൃഗങ്ങളിൽ നിന്നോ മനുഷ്യരിൽ നിന്നോ ആണ് രോഗം പകരുന്നത്. പനി, പേശിവേദന, തലവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ചിക്കൻ പോക്‌സിന് സമാനമായ കുമിളകൾ ആദ്യം മുഖത്തും പിന്നീട് ശരീരമാകെയും പ്രത്യക്ഷപ്പെടും.
ലൈംഗിക ബന്ധത്തിലൂടെ കുരങ്ങുപനി പകരാനുള്ള സാധ്യത കൂടുതലാണ്. ശരീര സ്രവങ്ങൾ, കുരങ്ങുപനി മൂലമുണ്ടാകുന്ന വ്രണങ്ങൾ എന്നിവയിലൂടെയും വസ്‌ത്രങ്ങൾ, കിടക്കകൾ എന്നിവ പങ്കുവെക്കുന്നതിലൂടെയും രോഗം പകരാം. 1958ലാണ് കുരങ്ങുകളിൽ രോഗം സ്‌ഥിരീകരിച്ചത്. 1970ലാണ് ആദ്യമായി മനുഷ്യനിലേക്ക് കുരങ്ങുപനി എത്തിയത്. പിന്നീടിങ്ങോട്ട് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ പലപ്പോഴായി കുരങ്ങുപനി സ്‌ഥിരീകരിച്ചു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ