പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വിഎൻ വാസവനും കത്തയച്ചു. ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തർക്ക് ഓൺലൈൻ ബുക്കിങ്ങിനെ കുറിച്ച് അറിയില്ല. 41 ദിവസം വ്രതമെടുത്ത് എത്തുന്ന ഭക്തർക്ക് ഓൺലൈൻ ബുക്കിങ് ഇല്ലെന്നതിന്റെ പേരിൽ ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യമുണ്ടാകും. ഓൺലൈൻ ബുക്കിങ് ഇല്ലാതെ വരുന്നവർക്ക് ദർശനം ലഭിക്കുന്നതിന് വേണ്ടിയുള്ള സംവിധാനം ഉണ്ടാകണമെന്നും സതീശൻ കത്തിലൂടെ ആവശ്യപ്പെട്ടു.
ഭക്തരെ തടഞ്ഞു നിർത്തുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ ഭക്ഷണവും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയില്ലെങ്കിൽ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.
ശബരിമലയിൽ ഓൺലൈൻ ബുക്കിങ്ങിലൂടെ മാത്രം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടാൽ മതിയെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചത്. ഓൺലൈൻ ബുക്കിങ്ങിലൂടെ 80,000 പേരെ മാത്രമേ ഒരുദിവസം പ്രവേശിപ്പിക്കൂ. കഴിഞ്ഞവർഷം 90,000 പേരെ ഓൺലൈൻ ബുക്കിങ്ങിലൂടെ അനുവദിച്ചിരുന്നു.
ഇതുകൂടാതെ, സ്പോട്ട് ബുക്കിങ്ങിലൂടെ 15,000 പേരെയും അനുവദിച്ചിരുന്നു. എന്നിട്ടും നിരവധിപ്പേർക്ക് ദർശനം ലഭിക്കാതെ മടങ്ങേണ്ടി വന്ന കാര്യവും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു. തീർഥാടനം അലങ്കോലപ്പെടുത്തരുതെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!