ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് അതിശൈത്യം തുടരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡെൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 240 വിമാനങ്ങൾ പുറപ്പെടാൻ വൈകി. ആറെണ്ണം റദ്ദാക്കി. പുതുക്കിയ വിമാന സമയമറിയാൻ എയർലൈൻ അധികൃതരുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദ്ദേശമുണ്ട്. ഒട്ടെറെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയിട്ടുണ്ട്.
ഡെൽഹിയിൽ കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെൽഷ്യസാണ്. അയൽ സംസ്‌ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. പലയിടത്തും കാഴ്‌ചാ പരിധി വളരെ കുറഞ്ഞു. രാജസ്‌ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിലും തണുപ്പ് അതികഠിനമാണ്. ആറുമുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില.
മഞ്ഞുവീഴ്‌ച ശക്‌തമായതിനാലും കാഴ്‌ചാപരിധി വളരെ കുറഞ്ഞതിനാലും ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ ഒട്ടേറെ ഹൈവേകൾ അടച്ചു. ജമ്മു കശ്‌മീരിലെ പൂഞ്ചിൽ കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് മുഗൾ റോഡ് നാല് ദിവസമായി അടച്ചിട്ടിരിക്കുകയാണ്.
കശ്‌മീർ താഴ്‌വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും അടച്ചു. ശ്രീനഗറിലെ ദാൽ തടാകം തണുത്തുറഞ്ഞ നിലയിലാണ്. ഇന്ന് മുതൽ ഹിമാചലിലും ജമ്മു കശ്‌മീരിലും ശീതതരംഗമെത്തുമെന്നും മുന്നറിയിപ്പുണ്ട്.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക






































