വാഷിങ്ടൻ: ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ ലംഘനത്തിൽ മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ ലംഘിച്ചതിന് ഇസ്രയേലിന് ട്രംപ് കടുത്ത താക്കീതും നൽകി. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇറാനുനേരെ ആക്രമണം നടത്തിയാൽ അത് വലിയ തെറ്റാകുമെന്നും, സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് മുന്നറിയിപ്പ് നൽകി.
”ഇസ്രയേൽ ആ ബോംബുകൾ പ്രയോഗിക്കരുത്. അങ്ങനെ നിങ്ങൾ ചെയ്‌താൽ അത് വലിയൊരു ലംഘനമാണ്. നിങ്ങളുടെ പൈലറ്റുമാരെ ഇപ്പോൾ തന്നെ തിരിച്ചുവിളിക്കണം”- ട്രംപ് കുറിച്ചു. അതേസമയം, ഇസ്രയേൽ ഇറാനെ അക്രമിക്കില്ലെന്നും മറ്റൊരു പോസ്‌റ്റിൽ ട്രംപ് പറഞ്ഞു. ”എല്ലാ വിമാനങ്ങളും മടങ്ങും. ആർക്കും പരിക്കുണ്ടാവില്ല. വെടിനിർത്തൽ പ്രാബല്യത്തിലുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്‌ക്ക് നന്ദി”- ട്രംപ് കുറിച്ചു.
പശ്‌ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ 12 ദിവസത്തെ ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഇന്ന് രാവിലെയാണ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്നും ട്രംപ് സാമൂഹിക മാദ്ധ്യമം വഴി അറിയിച്ചിരുന്നു. പിന്നാലെ ഇസ്രയേൽ ഇത് സ്‌ഥിരീകരിക്കുകയും ചെയ്‌തു.
അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇറാൻ ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് സർക്കാർ തലത്തിലുള്ള ഔദ്യോഗിക പ്രതികരണം വന്നിട്ടുണ്ടായിരുന്നില്ല. വെടിനിർത്തലിനായി ഇറാനും ഇസ്രയേലും തന്നെ സമീപിക്കുകയായിരുന്നുവെന്നാണ് ട്രംപ് അവകാശപ്പെട്ടത്.
ഇതിന് പിന്നാലെയാണ്, വെടിനിർത്തൽ ലംഘനം നടന്നതായി ആരോപിച്ച് ഇരു രാജ്യങ്ങളും മുന്നോട്ടുവന്നത്. ശക്‌തമായി തിരിച്ചടിക്കാൻ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു. വെടിനിർത്തൽ ലംഘിച്ച് ഇറാൻ വിക്ഷേപിച്ച മിസൈലുകൾ പ്രതിരോധിച്ചതായും ഐഡിഎഫ് അറിയിച്ചു
ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാനിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Most Read| ഇനി ട്രെയിൻ യാത്രയ്‌ക്ക് ചിലവേറും; ജൂലൈ ഒന്നുമുതൽ ടിക്കറ്റ് നിരക്ക് വർധനവ്