കൊച്ചി: വി. കുഞ്ഞികൃഷ്‌ണന്റെ പുസ്‌തക പ്രകാശനത്തിന് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. പോലീസ് സംരക്ഷണം തേടി കുഞ്ഞികൃഷ്‌ണൻ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഫെബ്രുവരി നാലിന് പയ്യന്നൂർ ഗാന്ധി സ്‌ക്വയറിൽ വെച്ചാണ് പുസ്‌തക പ്രകാശന ചടങ്ങ് നടക്കുന്നത്.
ഹരജിയിൽ എതിർ കക്ഷികളായ സിപിഐഎം നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ജില്ലാ സെക്രട്ടറി കെകെ. രാഗേഷ്, മധുസൂദനൻ എംഎൽഎ, പയ്യന്നൂർ ഏരിയാ സെക്രട്ടറി പി. സന്തോഷ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയ വി. കുഞ്ഞികൃഷ്‌ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ സിപിഐഎം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.
കുഞ്ഞികൃഷ്‌ണന്റെ വീടിന് മുന്നിൽ വെച്ച് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്‌തിരുന്നു. പ്രതിഷേധത്തിന് പിന്നാലെ കുഞ്ഞികൃഷ്‌ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിക്കുന്ന സ്‌ഥിതിയും ഉണ്ടായിരുന്നു.
തുടർന്നാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുഞ്ഞികൃഷ്‌ണൻ ഹൈക്കോടതിയെ സമീപിച്ചത്. പുസ്‌തക പ്രകാശന ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്ന് വി. കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. പയ്യന്നൂരിൽ കോൺഗ്രസ്-ബിജെപി പ്രകടനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. പുസ്‌തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുമെന്ന ആശങ്കയുണ്ട്. എസ്‌പിക്കും കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































