മുംബൈ: ആത്‍മഹത്യാ പ്രേരണക്കേസില്‍ അറസ്‌റ്റിലായ റിപബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. 6 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അര്‍ണബിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.
അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍ണബ് ഗോസ്വാമിയെ പൊലീസ് ബുധനാഴ്‌ച സ്വവസതിയില്‍ വച്ച് അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റ് നടപടികള്‍ക്കിടെ വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് അര്‍ണബിനെതിരെ പുതിയ എഫ്‌ഐആറും ഫയല്‍ ചെയ്‌തിട്ടുണ്ട്.
അര്‍ണബ് ഗോസ്വാമിയുടെ അറസ്‌റ്റില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിമാരായ പ്രകാശ് ജവദേകര്‍, സ്മൃതി ഇറാനി, അമിത് ഷാ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. അര്‍ണാബ് ഗോസ്വാമിയുടെ അറസ്‌റ്റ് ജനാധിപത്യത്തെ നാണം കെടുത്തുന്നതാണെന്നും മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം ആണെന്നും മന്ത്രിമാര്‍ പ്രതികരിച്ചു.
എന്നാല്‍ അര്‍ണബിന് വേണ്ടി വാദിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് മുന്‍പില്‍ ബിജെപി സര്‍ക്കാര്‍ ജയിലിലടച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ പട്ടിക നിരത്തി വിമര്‍ശകര്‍ രംഗത്തെത്തി. സിദ്ദിഖ് കാപ്പന്‍, കിഷോര്‍ ചന്ദ്ര വാങ്‌ഖൈം, പ്രശാന്ത് കനോജിയ തുടങ്ങി പത്തോളം മാദ്ധ്യമ പ്രവര്‍ത്തകരെ രാജ്യദ്രഹക്കുറ്റം ചുമത്തി ബിജെപി സര്‍ക്കാര്‍ ജയിലില്‍ അടച്ചിട്ടുണ്ട്.
ആത്‍മഹത്യ പ്രേരണക്കേസിലാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്‌റ്റ് ചെയ്‌തത്. ബുധനാഴ്‌ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് തയ്യാറാകാതിരുന്നതിനാല്‍ ഇയാളെ വസതിയില്‍ വച്ച് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
Read also: അര്‍ണബിനെ പൂട്ടാനുറച്ച് മുംബൈ പോലീസ്; വനിതാ പോലീസുകാരിയെ ആക്രമിച്ചെന്ന് പുതിയ എഫ്‌ഐആര്‍








































