ന്യൂഡെല്‍ഹി : ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ പ്രചാരത്തില്‍ വരുമെന്ന് മുതിര്‍ന്ന ശാസ്‍ത്രജ്‌ഞന്‍ രജനികാന്ത് വ്യക്‌തമാക്കി. 2021 ഫെബ്രുവരി ആദ്യം തന്നെ വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്നും, ഇതുവരെയുള്ള പഠനങ്ങള്‍ വച്ച് നോക്കുമ്പോള്‍ വാക്‌സിന്‍ വിജയകരമാണ് എന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം കൂടിയായ രജനികാന്ത് കൂട്ടിച്ചേര്‍ത്തു.
ഭാരത് ബയോടെക് ആണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചുമായി സഹകരിച്ച് ഇന്ത്യയില്‍ കോവിഡ് വാക്‌സിനായ കൊവാക്‌സിന്‍ നിര്‍മ്മിക്കുന്നത്. വാക്‌സിന്റെ ഇതുവരെയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് മികച്ച ഫലപ്രാപ്‌തിയാണ്. അതിനാല്‍ തന്നെ ഫെബ്രുവരിയോടെയോ മാർച്ച് ആദ്യവാരത്തോടെയോ വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
അത്യധികം ഗുരുതരമായി വൈറസ് ബാധിച്ചിരിക്കുന്ന ആളുകള്‍ക്കായി വാക്‌സിന്‍ അടിയന്തിര അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ആലോചിക്കുമെന്ന് വ്യക്‌തമാക്കിയിരുന്നു. ഇപ്പോള്‍ വിജയകരമായി മൂന്നാം ഘട്ട പരീക്ഷണങ്ങളിലേക്ക് കടക്കുന്ന വാക്‌സിന്‍ അത്തരക്കാരിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആരോഗ്യമന്ത്രാലയം ആണെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also : ഭൂജല ഉപയോഗ വിവര ശേഖരണത്തിന് മൊബൈല്‍ ആപ്പുമായി ഭൂജലവകുപ്പ്







































