കൊല്‍ക്കത്ത: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം പുതിയ രാഷ്ട്രീയ യുദ്ധത്തിന് വഴിതുറക്കുന്നു. തന്റെ രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തില്‍ പ്രമുഖ ഹിന്ദു ആരധനാലയങ്ങള് കയറിയിറങ്ങിയ ഷാ സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും മമത ബാനര്‍ജി സര്‍ക്കാര്‍ പൂര്‍ണമായും തകര്‍ത്തുവെന്ന് ആരോപിച്ചു. എന്നാല്‍ പുറമേ നിന്നുള്ളവര്‍ അഭിപ്രായം പറയേണ്ടെന്നായിരുന്നു തൃണമൂലിന്റെ നിലപാട്.
കൊല്‍ക്കത്തയിലെ ദക്ഷിണേശ്വര് കാളി ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷമാണ് അമിത് ഷാ വിവാദ പ്രസ്താവന നടത്തിയത്. ‘ ചൈതന്യ മഹാപ്രഭുവിന്റെയും, രാമകൃഷ്ണ പരമഹംസരുടെയും, വിവേകാനന്ദന്റെയും നാടാണ് ബംഗാള്‍. പ്രീണന രാഷ്ട്രീയം ഇവിടുത്തെ സംസ്കാരം ഇല്ലാതാക്കി’ ഷാ ആരോപിച്ചു.
എന്നാല്‍ പുറത്തു നിന്ന് വന്നവര്‍ അഭിപ്രായം പറയേണ്ട എന്ന നിലപാടാണ് തൃണമൂല്‍ സ്വീകരിച്ചത്. ഒപ്പം അമിത് ഷായുടെ ഉദ്ദേശ ശുദ്ധിയേയും അവര്‍ ചോദ്യം ചെയ്തു. ‘ കേന്ദ്രമന്ത്രി അമിത് ഷാ ബംഗാളിന്റെ യഥാര്‍ത്ഥ ചരിത്രം മറക്കുകയാണ്. ബിര്‍സാ മുണ്ടയെ പോലുള്ള മഹാന്മാരെ അപമാനിക്കുകയാണ് അദ്ദേഹം’ തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റിലൂടെ പ്രതികരിച്ചു.
ബംഗാളിന്റെ ചരിത്രം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ബിജെപി വളച്ചൊടിക്കുക ആണെന്ന് തൃണമൂല്‍ എംപി നുസ്രത് ജഹാന് പറഞ്ഞു.
Read Also: രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി







































