തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായി ഡിസംബര്‍ 8, 10, 14 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും.
ഒന്നാം ഘട്ടം ഡിസംബര്‍ 8ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നടക്കും. രണ്ടാം ഘട്ടം ഡിസംബര്‍ 10ന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്. മൂന്നാം ഘട്ടം ഡിസംബര്‍ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നടക്കും. ഡിസംബര്‍ 31നകം പുതിയ ഭരണസമിതികള്‍ വരും. നവംബര്‍ 19 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20ന് നടക്കും. നവംബര്‍ 23 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
Read Also: ഉത്ര വധക്കേസ്; സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2,71,20,821 വോട്ടര്‍മാരാണ് ആകെ സംസ്ഥാനത്ത്. 1.41 കോടി സ്ത്രീകളും 1.29 കോടി പുരുഷൻമാരും 282 ട്രാന്‍സ്ജെന്‍ഡേഴ്സും ആണ് ഉള്ളത്. ആകെ 34,744 പോളിങ് സ്റ്റേഷനുകളാണുള്ളത് . 29,321 എണ്ണം പഞ്ചായത്തിലും 3422 മുന്‍സിപ്പാലിറ്റിയിലും 2001 എണ്ണം കോര്‍പ്പറേഷനിലും. തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്ക്കരനാണ് വാര്‍ത്താ സമ്മേളനത്തിൽ തീയതികള്‍ പ്രഖ്യാപിച്ചത്.







































