കുവൈറ്റ്: 60 വയസിന് മുകളിലുള്ളവര്‍ക്ക് കുവൈറ്റില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അറിയിച്ച് താമസകാര്യ വകുപ്പ്. 60 വയസിന് മുകളിലുള്ളവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് താമസകാര്യ വകുപ്പ് ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയത്.
മതിയായ രേഖകളും താമസാനുമതിയും ഉള്ളവര്‍ക്ക് പ്രായഭേദമന്യേ രാജ്യത്ത് പ്രവേശനം അനുവദിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
എന്നിരുന്നാലും പ്രായമേറിയവര്‍ നിലവിലെ കോവിഡ് സാഹചര്യത്തില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നും ഇഖാമ ഉടമ നാട്ടിലാണെങ്കിലും സ്‌പോണ്‍സര്‍ക്ക് ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആറ് മാസത്തിലേറെ രാജ്യത്തിന് പുറത്താണെങ്കില്‍ ഇഖാമ അസാധുവാകുമെന്ന നിയമം കോവിഡ് പശ്‌ചാത്തലത്തില്‍ ബാധകമാവില്ലെന്ന് കുവൈറ്റ് വ്യക്‌തമാക്കി.
കുട്ടികള്‍ ആറ് മാസത്തിലേറെയായി കുവൈത്തിന് പുറത്താണെന്ന് കരുതി രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കിയാല്‍ വിമാന സര്‍വീസ് പുനരാരംഭിച്ച ശേഷം ഇവര്‍ക്ക് തിരികെ എത്താമെന്നും അധികൃതര്‍ വ്യക്‌തമാക്കി. ഇഖാമ കാലാവധി ഉണ്ടെങ്കില്‍ ആറ് മാസം കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിക്കും.
Read Also: വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി









































