കാസർഗോഡ്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) യുടെ കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴൽ പദ്ധതി പൂർത്തിയായി. ഈയാഴ്‌ച തന്നെ കുഴലിലൂടെ പ്രകൃതിവാതകമൊഴുകുന്നതോടെ കൊച്ചി-മംഗളൂരു വരെയുള്ള പ്രകൃതിവാതക്കുഴൽ സമ്പൂർണ കമ്മീഷനിങ് നടക്കും.
രണ്ടുമാസത്തോളമായി കാസർഗോഡ് ചന്ദ്രഗിരിപ്പുഴക്ക് കുറുകെ പൈപ്പിടുന്നത് തടസപ്പെട്ടിരുന്നു. പുഴക്ക് കുറുകെ തുരങ്കം നിർമിച്ച് 24 ഇഞ്ച് വ്യാസമുള്ള പൈപ്പ് കടത്താനായിരുന്നു പദ്ധതി. ചട്ടഞ്ചാലിൽ ചന്ദ്രഗിരിപ്പുഴക്ക് വടക്കുള്ള തൈര മാണിയടുക്കത്തുനിന്ന് തെക്ക് ചെങ്കളയിലെ ബേവിഞ്ചയിലേക്കു തുരങ്കം നിർമിച്ച് പൈപ്പ് കടത്തിവിട്ടെങ്കിലും ഇടക്ക് 540 മീറ്ററിൽ കുടുങ്ങുകയായിരുന്നു. ഓഗസ്‌റ്റ് 3നായിരുന്നു സംഭവം.
തുടർന്ന്, പൈപ്പ് മുന്നോട്ടേക്കും പിന്നോട്ടേക്കും പോകാതായതോടെ പദ്ധതി വൈകുന്നത് ഒഴിവാക്കാൻ താൽകാലികമായി പുതിയ ചെറിയ തുരങ്കം നിർമിച്ച് ആറിഞ്ച് പൈപ്പിടാൻ അധികൃതർ തീരുമാനിച്ചു. ഇതിനെ ഇരുകരകളിലെയും പൈപ്പുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി ഇന്ന് തുടങ്ങും.
കൊച്ചിയിൽനിന്ന് തൃശൂർവഴി പാലക്കാട്ടെ കൂറ്റനാട് വരെയുള്ള 90 കിലോമീറ്റർ കുഴൽ 2019 ജൂണിൽ കമ്മീഷൻ ചെയ്‌തിരുന്നു. കൂറ്റനാടാണ് പ്രധാന ജംഗ്ഷൻ. ഇവിടെനിന്നാണ് ഇവിടെനിന്നാണ് 354 കിലോമീറ്ററുള്ള മംഗളൂരു കുഴലും 525 കിലോമീറ്ററുള്ള ബംഗളൂരു കുഴലും തുടങ്ങുന്നത്. ഇവിടെനിന്നാണ് 354 കിലോമീറ്ററുള്ള മംഗളൂരു കുഴലും 525 കിലോമീറ്ററുള്ള ബംഗളൂരു കുഴലും തുടങ്ങുന്നത്. ബംഗളൂരു കുഴലിന്റെ ഭാഗമായുള്ള കൂറ്റനാട്-വാളയാർ പ്രകൃതിവാതകക്കുഴൽ ജനുവരിയോടെ കമ്മിഷൻ ചെയ്യും.
ഗെയിൽ കുഴലിൽനിന്ന് സിറ്റി ഗ്യാസ് വിതരണ കണക്ഷനെടുക്കാനായി വിവിധയിടങ്ങളിൽ ടാപ് ഓഫ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 2016ൽ തന്നെ കൊച്ചി കളമശ്ശേരിയിലുള്ള ടാപ് ഓഫീസിൽ നിന്ന് കണക്ഷനെടുത്ത് സിറ്റി ഗ്യാസ് വിതരണം തുടങ്ങിയിരുന്നു. തൃശൂർ ജില്ലയിൽ കുന്നംകുളം, പാലക്കാട് മലമ്പുഴ, മലപ്പുറം നറുകര, കോഴിക്കോട് ഉണ്ണികുളം, കണ്ണൂർ കൂടാളി, കാസർകോട് അമ്പലത്തറ എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസിനായുള്ള ടാപ് ഓഫ് ഉള്ളത്. അതാത് പ്രദേശങ്ങളിൽ അനുമതി ലഭിച്ചിട്ടുള്ള കമ്പനികൾ പൈപ്പ് ലൈനിലൂടെ പ്രകൃതിവാതകം വീടുകളിലും സ്‌ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും എത്തിക്കും.
Also Read: കളക്‌ടർ ഇടപെട്ടു; ഒന്നര ദിവസത്തിന് ശേഷം കോഴിക്കോട് കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിച്ചു
തെക്കൻ ജില്ലകളിലേക്ക് തൽക്കാലം പദ്ധതിയില്ല. പകരം ജില്ലാ അടിസ്‌ഥാനത്തിൽ വലിയ ഇന്ധന ടാങ്ക് പോലെ സംഭരണശേഷി കൂടിയ എൽഎൻജി. പാക്കേജ് സ്‌റ്റേഷനുകൾ സ്‌ഥാപിച്ച് കൊച്ചിയിൽനിന്ന് ടാങ്കറുകളിൽ പ്രകൃതിവാതകം എത്തിക്കും. ഗെയിൽ പ്രകൃതിവാതകക്കുഴൽ പൂർണമായി കമ്മീഷൻ ചെയ്യുന്നതോടെ നികുതിയിനത്തിൽ സംസ്‌ഥാനത്തിന് വർഷം തോറും 1000 കോടി രൂപയോളമാണ് കിട്ടുക.







































