കൂടാളി: കൊച്ചി- മംഗളൂരു ഗെയിൽ വാതക പൈപ്പ് ലൈനിൽ നിന്ന് വീടുകളിലേക്ക് നേരിട്ട് പാചക വാതകം എത്തിക്കുന്നതിന് ഡിസംബറോടെ തുടക്കമാകും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് (ഐഒഎജിപിഎൽ) വിതരണ ചുമതല. ഇവരുടെ നേതൃത്വത്തിൽ കൂടാളിയിൽ വാൽവ് സ്‌റ്റേഷന്റെ നിർമാണം പുരോഗമിക്കുകയാണ്. മട്ടന്നൂർ ഭാഗത്തേക്കും കണ്ണൂർ ഭാഗത്തേക്കുമുള്ള പൈപ്പ് ലൈൻ സ്‌ഥാപിക്കുന്ന പ്രവർത്തിയും തുടങ്ങി.
കൂടാളിയിലെ സ്‌റ്റേഷൻ പരിസരത്തെ വീടുകളിലേക്കാണ് ആദ്യം പൈപ്പ് ലൈൻ വാതകം എത്തുക. വീടുകളിലേക്കുള്ള പൈപ്പ് ലൈൻ സ്‌ഥാപിക്കുന്ന പ്രവർത്തി വൈകാതെ ആരംഭിക്കുമെന്ന് ഐഒഎജിപിഎൽ അധികൃതർ പറഞ്ഞു. കാഞ്ഞിരോട്, മട്ടന്നൂർ വഴി കണ്ണൂർ നഗരത്തിലേക്ക് സിറ്റി ഗ്യാസ് പദ്ധതി എത്തിക്കാനാണ് അധികൃതരുടെ ശ്രമം. ആദ്യഘട്ടത്തിൽ കൂടാളി–മേലെചൊവ്വ 15 കിലോമീറ്റർ കണക്ഷൻ യാഥാർഥ്യമാക്കും.
കോർപറേഷൻ പരിധിയിലെ വീടുകളിൽ അടുത്ത മാർച്ച് മാസത്തോടെ കണക്ഷൻ നൽകി തുടങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തിൽ നഗരമേഖലയിലും പിന്നീട് ഗ്രാമങ്ങളിലും കണക്ഷൻ ലഭ്യമാകും. ഇതിന് സ്‌ഥലമെടുപ്പ് ആവശ്യമില്ല.
Also Read: കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ലക്ഷണങ്ങൾ ഇല്ലാത്തവരുടെ എണ്ണത്തിൽ വർധന