കോട്ടയം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ് ബാധിച്ചു എന്നത് ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും ഇതില്‍ ചിലര്‍ സിഎം രവീന്ദ്രന്റെ ബന്ധുക്കളാണെന്നും സുരേന്ദ്രൻ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രവീന്ദ്രന് എവിടെ നിന്നാണ് കോവിഡ് സ്ഥിരീകരിച്ചത് എന്ന് പോലും വ്യക്തമല്ല. രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചിട്ടും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ആരും ക്വാറന്റെയ്നിൽ പോയിരുന്നില്ല. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ നടത്തേണ്ട നടപടി ക്രമങ്ങളൊന്നും ആ ഓഫീസിനകത്ത് ഉണ്ടായിട്ടില്ല. ഈ തട്ടിപ്പുകൾക്ക് ആരോഗ്യവകുപ്പ് കൂട്ട് നിൽക്കുകയാണ്. വകുപ്പിന് ഒട്ടും എത്തിക്സ് ഇല്ലാതായി. ഇഡി അന്വേഷണം തടസപ്പെടുത്താൻ ആരോഗ്യവകുപ്പ് കൂട്ട് നിൽക്കുകയാണെന്നും ശൈലജ ടീച്ചർ അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം നടക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. കസ്റ്റംസിൽ സിപിഎം ഫ്രാക്ഷൻ ഉണ്ട്. സിഎം രവീന്ദ്രന്റെ ചില ബന്ധുക്കൾ കസ്റ്റംസിലുണ്ട്. അവരാണ് മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം വേണം. സിഎം രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്ത് വരുമെന്നും കെ സുരേന്ദ്രൻ പറയുന്നു.
Also Read: കേരളവര്‍മ കോളേജ് പ്രിന്‍സിപ്പലിന്റെ രാജി സ്വീകരിച്ചതായി കൊച്ചിന് ദേവസ്വം ബോര്‍ഡ്







































