കൊച്ചി: പാലാരിവട്ടം മേൽപാലം അതിവേഗത്തിൽ മുന്നോട്ട്. പാലത്തിൽ പുതിയ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങി. തൂണുകൾക്കിടയിലുള്ള 6 ഗർഡറുകളിൽ നാലെണ്ണമാണ് സ്ഥാപിച്ചത്. ഗതാഗത തടസം ഒഴിവാക്കുന്നതിന് വേണ്ടി രാത്രിയിലാണ് ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നത്.
പാലം പൊളിക്കാന്‍ തുടങ്ങി രണ്ടു മാസം പിന്നിട്ടപ്പോഴേക്കും തൂണുകൾക്കിടയിൽ പുതിയ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങിയിരുന്നു. 5-6 തൂണുകൾക്കിടയിലെ ആറിൽ നാല് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി ഇന്ന് പുലർച്ചയോടെ പൂർത്തിയായി. മുറിച്ച് നീക്കിയ 18ൽ 8 പിയർക്യാപ്പുകളുടെ പണി പൂർത്തിയായതോടെയാണ് ഇതിന് മുകളിൽ വിലങ്ങനെ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങിയത്. ഇതിനോടൊപ്പം പുതിയ ഗർഡറുകളുടെ നിർമാണം ഡിഎംആർസിയുടെ കളമശേരിയിലെ യാർഡിൽ നടന്നുവരികയാണ്.
Also Read: സ്വപ്നയുടെ അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു
35 ടൺ ഭാരം വരുന്ന ഗർഡറുകൾ വലിയ വാഹനത്തിൽ എത്തിച്ചാണ് യന്ത്രസഹായത്തിൽ പാലത്തിലേക്ക് സ്ഥാപിക്കുന്നത്. രാത്രിയിൽ ഗർഡർ സ്ഥാപിക്കുന്ന പണി പുരോഗമിക്കുമ്പോഴും ഗതാഗതം ഭാഗികമായി മാത്രമാണ് നിയന്ത്രിച്ചത്. പാലാരിവട്ടം പാലം പൊളിച്ചുപണി സെപ്റ്റംബർ 28നാണ് തുടങ്ങിയത്. എട്ടുമാസംകൊണ്ട് പാലം പുനര്‍ നിര്‍മിക്കാമെന്നാണ് ഡിഎംആര്‍സിയുടെയും കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കണക്കുകൂട്ടല്‍.








































