കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് തനിക്കെതിരെ കേസെടുത്തത് എന്നാണ് സൂരജിന്റെ ഹരജിയിലെ വാദം.
എന്നാൽ നടപടിക്രമങ്ങൾ പാലിച്ചാണ് കേസ് എടുത്തതെന്നും അഴിമതിയിലെ മുഖ്യ കണ്ണിയാണ് സൂരജ് എന്നും വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. സൂരജിന് വരവിൽ കവിഞ്ഞ സമ്പാദ്യം ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2004-2014 കാലയളവിലെ സമ്പാദ്യം ഉദ്യോഗസ്‌ഥർ പരിശോധിച്ചിട്ടുണ്ട്. ഇതിൽ നിന്നും വരവിനേക്കാൾ 314 ശതമാനം അനധികൃത സമ്പാദ്യം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 11 കോടിയുടെ അനധികൃത സമ്പാദ്യം സൂരജിന്റെ പേരിലുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
മുൻകൂർ അനുമതിയില്ലാതെ കരാർ കമ്പനിക്ക് അഡ്വാൻസ് നൽകിയതിന് പിന്നാലെ ടിഒ സൂരജ് മകന്റെ പേരിൽ ഇടപ്പള്ളയിൽ മൂന്നര കോടി രൂപയുടെ ഭൂമി വാങ്ങിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലെ നാലാം പ്രതിയായ സൂരജിനെ 2019 ഓഗസ്‌റ്റ് 30നായിരുന്നു വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്.
Most Read: അഫ്‌ഗാൻ പൗരൻ കൊച്ചിൻ ഷിപ്പ്‌യാർഡിൽ എത്തിയത് അമ്മാവനൊപ്പം