പാലാരിവട്ടം കേസ്; കുറ്റപത്രത്തിന് അനുമതിയില്ല, നടപടികൾ വൈകുന്നു

By News Desk, Malabar News
Palarivattom case; The charge sheet is not allowed
Representational Image
Ajwa Travels

കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അനുമതി നൽകാതെ സർക്കാരിന്റെ മെല്ലെപ്പോക്ക്. വിജിലൻസ് അന്വേഷണം പൂർത്തിയാക്കി ഒരു വർഷമായിട്ടും മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞാടക്കമുള്ളവരുടെ പ്രോസിക്യൂഷൻ അനുമതി ലഭ്യമാക്കാൻ സർക്കാർ തീരുമാനം എടുക്കാത്തതാണ് കുറ്റപത്രം വൈകിപ്പിക്കുന്നത്.

ഉദ്യോഗസ്‌ഥ രാഷ്‌ട്രീയ അഴിമതിയുടെ ഉദാഹരണങ്ങളിൽ ഒന്നാണ് പാലാരിവട്ടം അഴിമതി കേസ്. ചട്ടം ലംഘിച്ച് അന്നത്തെ മന്ത്രിയും പൊതുമരാമത്ത് ഉദ്യോഗസ്‌ഥരും കരാറുകാരും ചേർന്ന് ഗൂഢാലോചന നടത്തിയപ്പോൾ സർക്കാരിന് നഷ്‌ടം 8.25 കോടി രൂപയാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോഴാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

2019 മാർച്ചിൽ റോഡ്‌സ്‌ ആൻഡ് ബ്രിഡ്‌ജസ്‌ കോർപറേഷൻ, കിറ്റ്‌കോ, കരാറുകാരൻ അടക്കമുള്ളവരെ പ്രതിയാക്കി വിജിലൻസ് കേസെടുത്തിരുന്നു. കേസിൽ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്, മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ്, മുൻ റോഡ്‌ജ്‌ ആൻഡ് ബ്രിഡ്‌ജസ്‌ കോർപറേഷൻ എംഡി മുഹമ്മദ് ഹനീഷ് അടക്കമുള്ള പ്രമുഖർ കേസിൽ പ്രതികളായി. എന്നാൽ, അന്വേഷണം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും കുറ്റപത്രമായില്ല.

ഗൂഢാലോചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആശുപത്രിയിൽ കയറി വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്‌റ്റ്‌ ചെയ്യാൻ അടക്കം ഇടത് സർക്കാർ നീക്കം നടത്തിയിരുന്നു. നിലവിൽ പ്രതികളെ വിചാരണ ചെയ്യുന്നതിലുള്ള വിജിലൻസ് ഡയറക്‌ടറുടെ അനുമതി അപേക്ഷ സർക്കാർ ഫയലിൽ തന്നെയാണ്. മുൻ മന്ത്രി, സർക്കാർ ഉദ്യോഗസ്‌ഥർ, പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥർ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ വിവിധ തലത്തിലുള്ള അനുമതി ലഭ്യമാകണം.

ഗവർണറാണ് വികെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകേണ്ടത്. ഐഎഎസ് ഉദ്യോഗസ്‌ഥനായ മുഹമ്മദ് ഹനീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര അനുമതി ആവശ്യമാണ്. എന്നാൽ, ഈ നടപടികളിലെ മെല്ലെപ്പോക്കാണ് കുറ്റപത്രം വൈകിപ്പിക്കുന്നത്. മാത്രമല്ല, സർക്കാർ നടപടികളുടെ ഭാഗമായി ഫയലുകളിൽ ഒപ്പിടേണ്ടി വന്ന ഉദ്യോഗസ്‌ഥരെ പ്രതിപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന ചർച്ചകളും നടക്കുന്നുണ്ട്.

Most Read: രാജ്യസഭാ തിരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ നിന്ന് രജനികാന്തും പരിഗണനയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE