ലഖ്‌നൗ: മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി പ്രസിഡണ്ടുമായ അഖിലേഷ് യാദവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. നിരോധനാജ്‌ഞ ലംഘിച്ചതിനാണ് അദ്ദേഹത്തെ കസ്‌റ്റഡിയിലെടുത്തതെന്ന് പോലീസ് പറയുന്നു.
കാർഷിക ബില്ലുകൾക്കെതിരെ ഡെൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് യുപിയിലെ കനൗജ് ജില്ലയിൽ ഇന്ന് നടക്കാനിരുന്ന കിസാൻ യാത്രയുടെ ഭാഗമായി അഖിലേഷിന്റ വീടിന് മുന്നിലുള്ള റോഡ് യോഗി സർക്കാർ അടച്ചിരുന്നു. എന്നാൽ, ഇത് വകവെക്കാതെ അഖിലേഷും അദ്ദേഹത്തിന്റെ അനുയായികളും കനൗജിലേക്ക് യാത്ര തിരിച്ചു. പോലീസ് സ്‌ഥാപിച്ച ബാരിക്കേഡുകളും മറികടന്നിരുന്ന് മുന്നോട്ട് പോയ ഇവരെ പോലീസെത്തി തടഞ്ഞു. ഇതോടെ അഖിലേഷും അനുയായികളും റോഡിൽ കുത്തിയിരുന്നു. തുടർന്ന് ഇവരെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
Also Read: ആ ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം; രമേശ് ചെന്നിത്തല
തങ്ങളെ ജയിലിൽ അടച്ചാലും കനൗജിലേക്കുള്ള കിസാൻ മാർച്ചിൽ സമാജ്‌വാദി പ്രവർത്തകർ പങ്കെടുത്തിരിക്കുമെന്ന് അഖിലേഷ് യാദവ് വ്യക്‌തമാക്കി. യുപിയിലെ വിവിധയിടങ്ങളിൽ സമാജ്‌വാദി പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. ‘പോലീസിന് വേണമെങ്കിൽ ഞങ്ങളുടെ പ്രവർത്തകരെ ജയിലിലിടാം, ഞങ്ങളുടെ വാഹനം തടയാം, പക്ഷേ മാർച്ച് ഞങ്ങൾ നടത്തിയിരിക്കും’- കസ്‌റ്റഡിയിൽ ആകുന്നതിന് മുമ്പ് അഖിലേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.









































