കോട്ടയം: കെഎം മാണിയെ ചതിച്ചവർക്കുള്ള മറുപടി ജനം വോട്ടിലൂടെ നൽകുമെന്ന് ജോസ് കെ മാണി. കോട്ടയത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് പക്ഷത്തിന് മികച്ച മുന്നേറ്റം ഉണ്ടാകും. കെഎം മാണിയെ സ്‌നേഹിക്കുന്നവർ തങ്ങൾക്കൊപ്പം നിൽക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
രണ്ടിലയോട് പി ജെ ജോസഫ് ഇതുവരെ കാണിച്ചത് വെറും നാട്യമാണ്. രണ്ടിലയെ തള്ളിപ്പറയാൻ പി ജെ ജോസഫിന് എങ്ങനെ സാധിക്കുന്നു?, ‘രണ്ടില’ വാടിക്കരിയുമെന്നാണു പിജെ ജോസഫ് പറഞ്ഞത്. എന്നിട്ടും രണ്ടില ചിഹ്‌നം ലഭിക്കാൻ കോടതി കയറി നടക്കുകയാണെന്നും ജോസ് വിമർശിച്ചു. പാലായിൽ പോളിംഗ് ശതമാനം കൂടുന്നത് ഇടതുപക്ഷത്തിന് അനുകൂലമായിത്തീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയത്ത് എൽഡിഎഫ്-യുഡിഎഫ് പോരാട്ടം എന്നതിനേക്കാൾ കേരള കോൺഗ്രസിലെ ജോസ് – ജോസഫ് പക്ഷങ്ങളുടെ ഏറ്റുമുട്ടലാണ് ശ്രദ്ധേയം. കേരളാ കോൺഗ്രസിന്റെ കൂടുമാറ്റം എങ്ങനെ പ്രതിഫലിക്കുമെന്ന് കൂടി ഈ തിരഞ്ഞെടുപ്പിൽ വ്യക്‌തമാകും. കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനം നേട്ടമാകുമെന്ന് കരുതുന്ന ഇടതുമുന്നണിക്കും, കേരള കോൺഗ്രസ് എം പോയത് തങ്ങളെ ബാധിക്കില്ലെന്ന് അവകാശപ്പെടുന്ന യുഡിഎഫിനും ഇത് അഭിമാന പോരാട്ടമാണ്.
Also Read: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത സ്‌പീക്കർ രാജി വെക്കണം; കെ സുരേന്ദ്രൻ







































