കോഴിക്കോട്: കാരാട്ട് ഫൈസലിനെതിരെ പാർട്ടി സ്ഥാനാർഥിക്ക് പൂജ്യം വോട്ട് ലഭിച്ച സംഭവത്തിൽ സിപിഎം ചുണ്ടപ്പുറം വാർഡ് സെക്രട്ടറിയെ പുറത്താക്കുമെന്ന് റിപ്പോർട്ട്. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനം എടുത്തത്. ബ്രാഞ്ചിനെതിരെ പരിശോധിച്ച് നടപടിയെടുക്കാൻ താമരശ്ശേരി ഏരിയാ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയതായി ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏരിയാ കമ്മിറ്റി നേരിട്ട് ബ്രാഞ്ചിലെ കാര്യങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കൊടുവള്ളിയിലെ 15ആം ഡിവിഷനിൽ സ്വതന്ത്രനായി മൽസരിക്കാനാണ് കാരാട്ട് ഫൈസൽ തീരുമാനിച്ചിരുന്നത്. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാർഥിത്വവും ഇടതുപിന്തുണയും വിവാദങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ, സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളിയിരുന്നു. ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് പി മോഹനൻ പറഞ്ഞിരുന്നെങ്കിലും ഇതിന് വിപരീതമായി ഇടത് വോട്ടുകളടക്കം ഫൈസലിന് മറിഞ്ഞുവെന്നാണ് ആരോപണം.
ഫൈസലിന് പകരം ഐഎൻഎൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒപി റഷീദാണ് 15ആം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ചത്. 73 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാരാട്ട് ഫൈസൽ വിജയിച്ചത്.







































