കോഴിക്കോട്: ജില്ലയിൽ 15 പേർക്ക് കൂടി ഷിഗല്ല രോഗലക്ഷണം. മായനാട് കോട്ടാംപറമ്പ് ജംഗ്‌ഷനിൽ ശനിയാഴ്‌ച കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിലാണ് കൂടുതൽ പേർക്ക് രോഗലക്ഷണം കണ്ടെത്തിയത്. 119 പേരാണ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത്. മറ്റു ജില്ലകളിൽ നിന്നെത്തിയ 12 പേരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. 5 വയസിന് താഴെയുള്ള രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. മറ്റുള്ളവർക്ക് ആന്റിബയോട്ടിക്കുകളും മരുന്നുകളും നൽകി.
ദേശീയ ആരോഗ്യ ദൗത്യത്തിലെ രണ്ട് ഡോക്‌ടർമാർ, രണ്ട് നഴ്‌സുമാർ, രണ്ട് ഫാർമസിസ്‌റ്റുകൾ എന്നിവരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ജില്ലാ കളക്‌ടർ സാംബശിവറാവു, അഡീഷണൽ ഡിഎംഒ ഡോ. ആശാ ദേവി, ഭക്ഷ്യ സുരക്ഷാവിഭാഗം അധികൃതർ എന്നിവരും ക്യാമ്പും പരിസരവും സന്ദർശിച്ചു.
പ്രദേശത്തെ 6 കടകളിൽ നിന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു. നിലവിൽ 6 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇവർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്.
കഴിഞ്ഞ ദിവസം മരിച്ച കുട്ടിക്കും ഷിഗല്ല സ്‌ഥിരീകരിച്ചിരുന്നു. അതേസമയം, രോഗത്തിന്റെ ഉറവിടം ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിനായി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പഠനം തുടങ്ങിയതായി ഡിഎംഒ ഡോ. വി ജയശ്രീ അറിയിച്ചു. ജലത്തിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് സംശയം.
Read also: മാനന്തവാടിയിൽ കെഎസ്ആർടിസി ജീവനക്കാര്‍ക്ക് കോവിഡ്; സര്‍വീസ് മുടങ്ങില്ല









































