ന്യൂഡെൽഹി: ഓക്സ്ഫഡ് സർവകലാശാല പ്രമുഖ മരുന്നുനിർമാണ കമ്പനിയായ അസ്ട്രാസെനക്കയുമായി സഹകരിച്ച് നിർമിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന് ഉടൻ തന്നെ ഇന്ത്യയിൽ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകുക.
വാക്സിനുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ മരുന്ന് നിർമിക്കുന്ന പൂനെ സിറം ഇൻസ്റ്റിറ്റൃൂട്ട് സമർപ്പിച്ച ഡാറ്റ തൃപ്തികരമാണെന്ന് കേന്ദ്രം വിലയിരുത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡാറ്റ വിശകലനം ചെയ്ത് കഴിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വാക്സിന് അനുമതി നൽകും. യുകെയുടെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ആർഎ) അനുമതി ലഭിക്കാൻ ഇന്ത്യ കാത്തുനിൽക്കില്ല എന്നാണ് വിവരം.
ഓക്സ്ഫഡ് വാക്സിന് അനുമതി നൽകുന്ന കാര്യത്തിൽ എംഎച്ആർഡിയും പരിശോധന തുടരുകയാണ്. അധികം വൈകാതെ ഓക്സ്ഫഡ് വാക്സിന് യുകെയും അനുമതി നൽകുമെന്നാണ് സൂചന. ഇന്ത്യയിൽ ‘കോവിഷീൽഡ്’ എന്ന പേരിലാണ് ഓക്സ്ഫഡ്-അസ്ട്രാസെനക്ക വാക്സിൻ പുറത്തിറങ്ങുന്നത്.
അതേസമയം, യുഎസിൽ ഉപയോഗിക്കുന്ന ഫൈസർ വാക്സിനും ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
Also Read: വാക്സിനേഷന് തയാറെടുത്ത് തലസ്ഥാനം; പ്രതിദിനം ഒരു ലക്ഷം ആളുകള്‍ക്ക് ലഭ്യമാക്കും







































