തിരുവനന്തപുരം: കാർഷിക നിയമത്തിനെതിരായ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി കെബി ഗണേഷ്‌കുമാർ എംഎൽഎ. ഗവർണറുമായി സർക്കാർ വഴക്കിടുന്നത് ശരിയായ നടപടിയല്ലെന്നും അതിനാലാണ് മുഖ്യമന്ത്രി മിതത്വം പാലിച്ചതെന്നും ഗണേഷ് കുമാർ പറഞ്ഞു. ആരെക്കുറിച്ചും അനാവശ്യമായി പറയുന്നത് ശരിയല്ല, അങ്ങനെ പറഞ്ഞ് നടന്നവർക്ക് ജനം മറുപടി നൽകിയെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണർക്കെതിരെ മുഖ്യമന്ത്രി തണുത്ത സമീപനം സ്വീകരിച്ചുവെന്ന് വിമർശിച്ച പ്രതിപക്ഷത്തിന് മറുപടിയായാണ് ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞത്.
അതേസമയം, പ്രമേയത്തിൽ ഗവർണർക്കെതിരെ ശക്‌തമായ പരാമർശം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നന്ദികേടിനെ കുറിച്ച് പരാമർശിക്കണമെന്നും മുസ്‌ലിം ലീഗിന് വേണ്ടി സംസാരിച്ച ടിഎ അഹമ്മദ് കബീർ പറഞ്ഞു.
പ്രമേയത്തിന് പൂർണ പിന്തുണ നൽകിയ കോൺഗ്രസ് നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടു. സംസ്‌ഥാനത്തിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിന് എതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച പിജെ ജോസഫ് പറഞ്ഞു.
കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം നിയമസഭയിൽ പാസായി. ബിജെപിയുടെ ഒ രാജഗോപാൽ എംഎൽഎ കാർഷിക നിയമങ്ങളെ പിന്തുണച്ച് രംഗത്ത് വന്നെങ്കിലും അദ്ദേഹം പ്രമേയത്തിനെതിരെ വോട്ട് ചെയ്‌തില്ല.
Also Read: പൊതുമനസാക്ഷി നിയമത്തിന് എതിര്; പ്രമേയത്തെ അനുകൂലിച്ച് ഒ രാജഗോപാൽ







































