ഭോപ്പാല്‍: 1984ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൃത്യമായ അനുമതിയില്ലാതെ കൊവാക്‌സിന്‍ പരീക്ഷിച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്‌തു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കൊവാക്‌സിന്റെ ട്രയല്‍ ആണ് ഭോപ്പാല്‍ ഇരകളില്‍ നടത്തിയതിന്നാന്‍ റിപ്പോര്‍ട്ട്.
ഗരീബ് നഗറിലും ശങ്കര്‍ നഗറിലും ജെപി നഗറിലുമായി താമസിക്കുന്ന ആളുകളിലാണ് മെഡിക്കല്‍ ടീം എത്തി വാക്‌സിന്‍ ട്രയല്‍ നടത്തിയത്. ട്രയല്‍ പരീക്ഷിക്കുമ്പോള്‍ കോവിഡില്‍ നിന്ന് രക്ഷ നേടാനാണ് ഇന്‍ജക്ഷന്‍ എടുക്കുന്നതെന്ന് മാത്രമാണ് തങ്ങളോട് പറഞ്ഞതെന്ന് വാക്‌സിന്‍ കുത്തിവെച്ചവര്‍ പറയുന്നു.
250ലെറെ പേര്‍ സമ്മത പത്രത്തില്‍ ഒപ്പിട്ട് നല്‍കിയെങ്കിലും പലരോടും ഇതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് പറഞ്ഞ് കൊടുക്കുകയോ സമ്മത പത്രത്തിന്റെ കോപ്പി നല്‍കുകയോ ചെയ്‌തിട്ടില്ലെന്നാണ് ആരോപണം. വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പേപ്പറുകള്‍ നല്‍കിയതെന്നും ആരോപണമുണ്ട്.
‘ഒരു പാര്‍ശ്വഫലത്തെക്കുറിച്ചും ഇന്‍ജക്ഷന്‍ എടുക്കുന്ന സമയത്ത് പറഞ്ഞു തന്നിട്ടില്ല,’ ഒരു പ്രദേശവാസി പറയുന്നു. ‘കോവിഡിനെ പ്രതിരോധിക്കാന്‍ ഇത് നല്ലതാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് വാക്‌സിന്‍ തരാന്‍ പോകുകയാണ്. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ ഞങ്ങളെ വിളിക്കണമെന്നും പറഞ്ഞു,’ പ്രദേശവാസിയായ സ്‍ത്രീ എന്‍ഡി ടിവിയോട് പറഞ്ഞു.
പീപ്പിള്‍സ് കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഉദ്യോഗസ്‌ഥരാണ് ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. എന്നാല്‍ അവര്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്ത് വന്നിരുന്നു.
Read also: കോവാക്‌സിനെ വിമർശിക്കുന്നത് ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിൻ ആയതിനാൽ; ഭാരത് ബയോടെക്








































