കൊച്ചി: വിവാദ കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ (പിഡബ്ള്യൂസി) വിലക്കിയ സംസ്ഥാന സർക്കാർ നടപടിക്ക് ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീട്ടി. നാലാഴ്ചത്തേക്കാണ് സ്റ്റേ നീട്ടി നൽകിയത്. കേസ് ഫെബ്രുവരി മൂന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. തങ്ങളെ കേൾക്കാതെയാണ് സർക്കാരിന്റെ തീരുമാനമെന്ന പിഡബ്ള്യൂസിയുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ നിന്ന് പിഡബ്ള്യൂസിയെ വിലക്കിയത്. പിഡബ്ള്യൂസി വഴിയായിരുന്നു സ്വപ്നയെ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന് കീഴിലെ സ്പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജറായി നിയമിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ പേരുയര്ന്നതോടെ ഈ നിയമനവും വിവാദമായി. സ്വപ്നയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, സ്വപ്ന സുരേഷിന്റെ നിയമനം പ്രത്യേകമായി പറയാതെ ‘യോഗ്യതയില്ലാത്തവരെ നിയമിച്ചു’ എന്ന കാരണം പറഞ്ഞാണ് സർക്കാർ നടപടിയെടുത്തത്.
Also Read: നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു







































