തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ നിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് (പിഡബ്ള്യൂസി) വിലക്കേർപ്പെടുത്തി. രണ്ട് വർഷത്തേക്കാണ് വിലക്ക്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയത് എങ്കിലും, ഉത്തരവിൽ ഇവരുടെ പേര് പരാമർശിക്കുന്നില്ല. പകരം യോഗ്യതയില്ലാത്ത ആളെ നിയമിച്ചു, കരാര്‍ വ്യവസ്‌ഥയില്‍ ഗുരുതര വീഴ്‌ച വരുത്തി എന്നീ കാര്യങ്ങളാണ് സര്‍ക്കാര്‍ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സ്വപ്‌ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് പിഡബ്ള്യൂസിക്കെതിരെ അന്വേഷണം വന്നത്. പിഡബ്ള്യൂസി വഴിയായിരുന്നു സ്വപ്‌നയെ കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജറായി നിയമിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ പേരുയര്‍ന്നതോടെ ഈ നിയമനവും വിവാദമായി. സ്വപ്‌നയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.
സംസ്‌ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയുടെ ചുമതല വഹിച്ചിരുന്നത് പിഡബ്ള്യൂസിയാണ്. അതിന്റെ കരാർ കാലാവധി ഇന്ന് അവസാനിക്കും. എന്നാൽ കരാർ ഇനി പുതുക്കി നല്‍കില്ല എന്നാണ് സർക്കാർ നിലപാട്. പിഡബ്ള്യൂസിയുമായി സർക്കാർ വിവിധ പദ്ധതികൾ വിഭാവനം ചെയ്യുകയും, കരാറിലേർപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ ഈ കരാറുകൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്‌ചയാണ് പിഡബ്ള്യൂസിയുടെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് ആരോപണം. നേരത്തെ ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്നും പിഡബ്ള്യൂസിയെ ഒഴിവാക്കിയിരുന്നു.
National News: വാരാണസിയിൽ രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം