മഹാമാരിയെ പിടിച്ചുകെട്ടാൻ ‘വാക്‌സിനേഷൻ’; എന്താണ് യാഥാർഥ്യം ? അറിയേണ്ടതെല്ലാം

By Nidhin Sathi, Official Reporter
  • Follow author on
covid-vaccination-starting-today
Ajwa Travels

ആധുനിക മനുഷ്യ സമൂഹം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായ കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാനുള്ള വാക്‌സിനേഷൻ പ്രവർത്തനത്തിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ശാസ്‌ത്രലോകം മനുഷ്യരാശിയുടെ നൻമക്കായി മുന്നോട്ടുവെക്കുന്ന വാക്‌സിനേഷൻ എത്രത്തോളം നിർണായകമാണെന്ന് അറിയാൻ ഇനിയുമേറെ ദൂരം താണ്ടേണ്ടതുണ്ട്. എങ്കിലും, 2021 ജനുവരി 16 എന്ന ഈ ദിവസം ഇന്ത്യയുടെ ചരിത്രത്താളുകളിൽ ശുഭകരമായി രേഖപ്പെടുത്തപ്പെടും എന്ന വിശ്വാസത്തിലാണ് നാമെല്ലാവരും.

ഏറ്റവും നിർണായകമായ ഈ ഘട്ടത്തിലേക്ക് രാജ്യം കാലെടുത്തു വെക്കുമ്പോൾ സ്വാഭാവികമായും നിരവധി ആശങ്കകളും സംശയങ്ങളും ജനങ്ങൾ പങ്കുവെക്കുന്നുണ്ട്. ഒരു പരിധിവരെ അതിന് കാരണങ്ങളുമുണ്ട്.

ഇത്രയും കുറഞ്ഞ കാലയളവ് കൊണ്ട് നിർമിച്ച വാക്‌സിൻ ഫലപ്രദമാകുമോ? അതിന് പാർശ്വഫലങ്ങൾ ഉണ്ടാവുമോ ? ആദ്യ ഘട്ടത്തിൽ വാക്‌സിൻ ലഭിക്കുക ആർക്കൊക്കെ ? എന്തുകൊണ്ടാണത് ? രണ്ട് ഡോസ് വാക്‌സിൻ എടുത്ത് നാം പ്രതിരോധം നേടിയാലും മാസ്‌ക് ഉപയോഗിക്കേണ്ടത് എന്തുകൊണ്ട് ? വാക്‌സിൻ ലഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ പ്രോസസ് എങ്ങിനെയാണ് ? എവിടെയാണ് രജിസ്‌റ്റർ ചെയ്യേണ്ടത് ? ആവശ്യമായ രേഖകൾ എന്തൊക്കെ ? നടപടിക്രമങ്ങൾ എന്താണ് ? അടിസ്‌ഥാന സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഇവിടെ വായിക്കാം.

ആദ്യ ഘട്ടത്തിൽ വാക്‌സിൻ ലഭിക്കുക ആർക്കൊക്കെ ?

കോവിഡ് പിടിപെടാൻ ഏറ്റവും സാധ്യതയുള്ള 30 കോടി ആളുകളെയാണ് സർക്കാർ മുൻഗണനാ വിഭാഗമായി നിശ്‌ചയിച്ചിട്ടുള്ളത്. ഇതിൽ തന്നെ, പൊതു ജനങ്ങളുടെ ആരോഗ്യത്തിനും സ്വസ്‌ഥമായ ജീവിതത്തിനും വേണ്ടി ജോലിചെയ്യുന്ന, അതിന് കാവലായി തുടരുന്ന വിഭാഗങ്ങളെയാണ് ആദ്യഘട്ടത്തിൽ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ദുരീകരണം നൽകാൻ കൂടി ഈ രീതി ഗുണകരമാണ്. ഡോക്‌ടർമാർ, നഴ്‌സുമാർ, പോലീസ് സേന, മിലിട്ടറി തുടങ്ങിയവർ ആദ്യം വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ വാക്‌സിൻ വിശ്വാസ്യത കൂടും. ആദ്യഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കുന്നവരെ 5 ഉപവിഭാഗമായാണ് തിരിച്ചിരിക്കുന്നത്.

1. ആരോഗ്യപ്രവർത്തകർ

പൊതു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഒരു കോടിയോളം ആരോഗ്യ പ്രവർത്തകർക്ക് ആദ്യം വാക്‌സിനേഷൻ നടത്തണമെന്നാണ് വിദഗ്‌ധ സമിതിയുടെ (നാഷനൽ എക്‌സ്‌പെർട്ട് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്‌മിനിസ്ട്രേഷൻ ഫോർ കോവിഡ്– എൻഇജിവിഎസി) നിർദേശം. മുന്നണിപ്പോരാളികൾ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, നഴ്‌സ്, സൂപ്പർവൈസർ, മെഡിക്കൽ ഓഫീസർ, പാരാ മെഡിക്കൽ ജീവനക്കാർ, സപ്പോർട്ടിംഗ് സ്‌റ്റാഫ്‌, മെഡിക്കൽ വിദ്യാർഥികൾ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്.

2. മുന്നണി പ്രവർത്തകർ

സംസ്‌ഥാന –കേന്ദ്ര പൊലീസ്, സായുധ സേന, ഹോം ഗാർഡ്, ദുരന്തനിവാരണം, സിവിൽ ഡിഫൻസ് ഓർഗനൈസേഷൻ, ജയിൽ ജീവനക്കാർ, മുനിസിപ്പൽ ജീവനക്കാർ, റവന്യൂ ഉദ്യോഗസ്‌ഥർ, പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമായ മറ്റുള്ളവർ തുടങ്ങി രണ്ടു കോടിയോളം പേരാണ് ഈ വിഭാഗത്തിൽ പെടുന്നത്. സംസ്‌ഥാന സർക്കാരിലെയും പ്രതിരോധം, ആഭ്യന്തരം, ഹൗസിങ്, നഗരകാര്യ മന്ത്രാലയങ്ങളിലെയും ജീവനക്കാരും ഉൾപ്പെടും.

frontline_worker

3. 50 വയസ്സിനു മുകളിലുള്ളവർ

50നും 60നും ഇടയിൽ പ്രായമുള്ളവർ, 60ന് മുകളിൽ എന്നിങ്ങനെ ഉപവിഭാഗങ്ങൾ. ഏറ്റവും പുതിയ ലോക്‌സഭ, നിയമസഭ വോട്ടർ പട്ടികയുടെ സഹായത്തോടെയാവും ഈ വിഭാഗത്തിൽ ഉള്ളവരെ കണ്ടെത്തുക. കേരളത്തിൽ ഈ വിഭാഗത്തിൽ പെടുന്നവരുടെ എണ്ണം താരതമ്യേന കൂടുതലാണ്.

4. ഗുരുതര രോഗസാധ്യതാ പ്രദേശങ്ങൾ

കോവിഡ് വ്യാപനത്തിനു കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളിലെ മുൻഗണനാ വിഭാഗത്തിനും വാക്‌സിൻ നൽകും. ഇവ കണ്ടെത്താൻ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിദഗ്‌ധ സമിതിയുടെ നിർദേശമുണ്ട്.

5. ബാക്കിയുള്ളവർ

മുൻഗണനാ പട്ടികയിലെ ബാക്കിയുള്ളവർക്കാണ് ആദ്യഘട്ടത്തിലെ അഞ്ചാം തല വാക്‌സിനേഷൻ നടത്തുക. രോഗതീവ്രത, സാംക്രമിക രോഗശാസ്‌ത്രം, വാക്‌സിൻ ലഭ്യത തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാകും വാക്‌സിനേഷൻ. എണ്ണം കൂടുതലായതിനാൽ ആൾക്കൂട്ടം ഒഴിവാക്കാൻ പ്രത്യേക തയാറെടുപ്പ് നടത്തേണ്ടതുണ്ട്.

വാക്‌സിൻ ലഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ

കഴിഞ്ഞ ഡിസംബർ മാസം മുതൽ തന്നെ സർക്കാർ വാക്‌സിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. കോവിഡ് വാക്‌സിൻ ലഭ്യമാകുന്നതിന് പൊതുജനങ്ങൾക്കായി കോ വിൻ (CoWIN) ആപ്പും പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ വാക്‌സിൻ സ്വീകരിക്കേണ്ട ആരോഗ്യപ്രവർത്തകരുടെയും മറ്റും രജിസ്ട്രേഷൻ അതത് സ്‌ഥാപനങ്ങൾ വഴി സർക്കാർ നേരിട്ടാണ് ചെയ്യുന്നത്. അതിന് ശേഷം വാക്‌സിൻ ലഭ്യമാക്കുന്നവർക്കും, വാക്‌സിൻ വിവരങ്ങൾക്കുമായാണ് കോവിൻ ആപ്പ് പുറത്തിറക്കിയത്. ഇതിപ്പോൾ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങിയിട്ടില്ല.

cowin_app

രജിസ്ട്രേഷന് ആവശ്യമായ രേഖകൾ

ഡ്രൈവിങ് ലൈസൻസ്, തൊഴിൽ മന്ത്രാലയം നൽകിയ ആരോഗ്യ ഇൻഷുറൻസ് സ്‍മാർട്ട് കാർഡ്, പാൻ കാർഡ്, ബാങ്ക്, തപാൽ പാസ്ബുക്കുകൾ, പാസ്‌പോർട്ട്, വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡ്, പെൻഷൻ രേഖ തൊഴിലുറപ്പു പദ്ധതി കാർഡ്, എംപിമാർക്കും എംഎൽഎമാർക്കും നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, കേന്ദ്ര, സംസ്‌ഥാന സർക്കാർ സ്‌ഥാപനങ്ങളിലെയോ പൊതുമേഖലാ സ്‌ഥാപനങ്ങളിലെയോ തിരിച്ചറിയൽ കാർഡ് തുടങ്ങിയവയിൽ എതെങ്കിലും ഉപയോഗിച്ച് റജിസ്‌റ്റർ ചെയ്യാം.

രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ

കോവിൻ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമായാൽ ആധാർ കാർഡോ സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡോ ഈ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ഒടിപി, ബയോമെട്രിക്‌സ് വഴിയാണ് രജിസ്‌ട്രേഷൻ ആധികാരികമാക്കുക. റജിസ്‌റ്റർ ചെയ്‌തു കഴിഞ്ഞാൽ വാക്‌സിനേഷന്റെ തീയതിയും സമയവും മൊബൈൽ വഴി അറിയിക്കും.

മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌തവരെ മാത്രമേ വാക്‌സിനേഷന് അനുവദിക്കൂ. രജിസ്ട്രേഷൻ സമയത്തു നൽകുന്ന അതേ തിരിച്ചറിയൽ കാർഡ് വാക്‌സിനെടുക്കാൻ പോകുമ്പോഴും ഹാജരാക്കണം. അല്ലാത്ത പക്ഷം വാക്‌സിൻ ലഭിക്കില്ല. രണ്ട് ഡോസ് വാക്‌സിൻ എടുത്തു കഴിഞ്ഞാൽ ക്യൂആർ കോഡ് സർട്ടിഫിക്കറ്റ് ലഭിക്കും.

വാക്‌സിൻ സൗജന്യമാണോ ?

ആദ്യഘട്ടത്തിൽ മൂന്ന് കോടി പേർക്ക് കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കും എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. അതിനാൽ വാക്‌സിൻ സ്വീകരിക്കുന്നവർ പണം നൽകേണ്ടിവരില്ല. സംസ്‌ഥാന സർക്കാരുകൾക്കും സാമ്പത്തിക ബാധ്യത ഉണ്ടാവില്ല. എന്നാൽ പിന്നീടുള്ള ഘട്ടങ്ങളിൽ വാക്‌സിൻ സൗജന്യമായിരിക്കില്ല. എന്നാൽ പൊതുജനങ്ങൾക്ക് താങ്ങാൻ കഴിയുന്ന രീതിയിലുള്ള വിലമാത്രമേ കമ്പനികൾക്ക് ഈടാക്കാൻ കഴിയുകയുള്ളു എന്നാണ് സർക്കാർ പറയുന്നത്.

വാക്‌സിൻ നിർബന്ധമാണോ ?

വാക്‌സിൻ സ്വീകരിക്കണമെന്നത് നിർബന്ധമായ കാര്യമല്ല. എങ്കിലും കോവിഡ് പ്രതിരോധത്തിൽ അതിന് പ്രധാന്യം കൂടുതലാണ്. വാക്‌സിന്റെ ആവശ്യകത സർക്കാർ ജനങ്ങളെ ബോധവൽക്കരിക്കുന്നു. എന്നാൽ അന്തിമ തീരുമാനം ജനങ്ങളുടേതാണ്. നിലവിൽ കുട്ടികൾക്ക് വാക്‌സിൻ ലഭ്യമല്ല. കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷമാവും കുട്ടികളിലെ വാക്‌സിനേഷൻ.
Covid Vaccination _ Kerala

വാക്‌സിനെടുത്താൽ പിന്നീട് മാസ്‌ക് വേണമോ ?

തീർച്ചയായും മാസ്‌ക് വേണം. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച് നമ്മുടെ ശരീരം പ്രതിരോധം നേടിയാലും മാസ്‌ക് ഉപയോഗിക്കണം. വാക്‌സിനേഷൻ എന്നത് നമ്മുടെ സ്വയം സുരക്ഷക്കാണ്. മാസ്‌ക് സാമൂഹിക ബാധ്യതയാണ്. മാസ്‌ക് വെക്കാതെ ഒരു കൂട്ടരും മാസ്‌ക് വെക്കുന്ന ഒരുകൂട്ടരും എന്ന വേർതിരിവ് ഒരു ആധുനിക ഭരണകൂടത്തിന് മുന്നോട്ടുവെക്കാൻ കഴിയില്ല.

മാത്രവുമല്ല കോവിഡ് രോഗാണു പുതിയ രൂപമാറ്റത്തിലൂടെ വരാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. വാക്‌സിൻ ഫലപ്രാപ്‌തി കൃത്യമായി പറയാനും ഇപ്പോഴത്തെ സാഹചര്യത്തിൽ സമയമായിട്ടില്ല. ഇതിനൊക്കെ ഇനിയും സമയം ആവശ്യമാണ്. അതുകൊണ്ടു തന്നെ ആവശ്യപ്പെടുന്ന എല്ലാവർക്കും വാക്‌സിൻ വിതരണം പൂർത്തീകരിക്കുന്നത് വരെയും മാസ്‌ക് തുടരേണ്ടിവരും.

വാക്‌സിൻ വിതരണ സംവിധാനം

വിമാനത്തിൽ വലിയ കോൾഡ് ബോക്‌സുകളിൽ എത്തിച്ച വാക്‌സിൻ, ജില്ലകളിലെ പ്രധാന സംഭരണ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിടെനിന്ന് ഇൻസുലേറ്റഡ് വാനുകളിൽ വാക്‌സിൻ കേന്ദ്രങ്ങളിലേക്ക്. അവിടെ വാക് ഇൻ കൂളർ, ഐസ്‌ ലൈൻ റഫ്രിജറേറ്റർ എന്നിവയിൽ സൂക്ഷിക്കും. ഇവിടെനിന്നു ആശുപത്രികളിലേക്കു കൊണ്ടുപോകും. വാക്‌സിൻ കാരിയറിലാണു വിതരണ സ്‌ഥലത്ത് എത്തിക്കുക.

covishield vaccine

വാക്‌സിനേഷൻ കേന്ദ്രം

നിരീക്ഷണത്തിന് ഉൾപ്പെടെ നാലു മുറികളാണു വാക്‌സിനേഷന് സജ്ജീകരിക്കുക. അഞ്ചംഗ വാക്‌സിൻ ഓഫിസർമാരാണു കാര്യങ്ങൾ നിയന്ത്രിക്കുക. കാത്തിരിപ്പ് മുറികൾ, വാക്‌സിനേഷൻ മുറി, വാക്‌സിൻ സ്വീകരിച്ച ശേഷം നിരീക്ഷണത്തിനുള്ള മുറി എന്നിവയാണ് ഓരോ കേന്ദ്രത്തിലും ഒരുക്കിയത്. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചശേഷമേ വാക്‌സിൻ ലഭ്യമാകൂ. 28 ദിവസങ്ങളുടെ ഇടവേളയിലാണ് രണ്ട് ഡോസുകൾ സ്വീകരിക്കേണ്ടത്. രണ്ട് ഡോസുകളും സ്വീകരിച്ചാൽ മാത്രമേ ഫലപ്രദമാകൂ.

കേരളത്തിന് ഏത് വാക്‌സിൻ ?

ബ്രിട്ടിഷ്–സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനകക്ക് വേണ്ടി ഓക്‌സ്‌ഫഡ് സർവകലാശാല വികസിപ്പിച്ച് ഇന്ത്യയിൽ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന ‘കോവിഷീൽഡ്‘ വാക്‌സിനാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. കോവിഷീൽഡിന്റെ രണ്ട് ഡോസുകളാണ് വാക്‌സിനേഷനിൽ ഒരു വ്യക്‌തിക്ക്‌ ലഭിക്കുക.

പൊതുവായ കാര്യങ്ങൾ:

18 വയസിനു മുകളിലുള്ളവർക്കു മാത്രമാണ് വാക്‌സിൻ, 18ന് താഴെയുള്ളവരുടെ കാര്യത്തിൽ 60 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് അനുമാനം. ഗർഭിണികളും മുലയൂട്ടുന്നവരും വാക്‌സിൻ സ്വീകരിക്കരുത്. വാക്‌സിൻ സ്വീകരിക്കുന്നവർ മറ്റെന്തെങ്കിലും രോഗങ്ങൾക്കുള്ള വാക്‌സിൻ എടുക്കുന്നുണ്ടെങ്കിൽ 14 ദിവസത്തെ ഇടവേള ഉറപ്പാക്കണം.

രക്‌തസ്രാവം, രക്‌തത്തിൽ പ്ളേറ്റ്ലറ്റ്‌സ് കുറയുന്ന രോഗം എന്നിവയുള്ളവർ പ്രത്യേക ശ്രദ്ധയോടെ വേണം വാക്‌സിൻ സ്വീകരിക്കാൻ. ഏതു വാക്‌സിൻ സ്വീകരിക്കണമെന്നത് സ്വീകർത്താവിന് നിശ്‌ചയിക്കാനാവില്ല. എന്നാൽ, ആദ്യഡോസ് സ്വീകരിച്ച അതേ കമ്പനിയുടേത് മാത്രമേ രണ്ടാമതും സ്വീകരിക്കാവൂ.

നേരത്തെ കോവിഡ് ബാധിച്ചവർ, ഹൃദ്രോഗം, നാഡീസംബന്ധമായ പ്രശ്‌നങ്ങൾ, ശ്വാസകോശ രോഗങ്ങൾ, വൃക്ക തകരാർ തുടങ്ങിയവ ഉള്ളവർക്കും വാക്‌സിൻ പ്രശ്‌നമാകില്ല എന്നാണ് ആരോഗ്യരംഗം വ്യക്‌തമാക്കുന്നത്‌. പ്രതിരോധശേഷി നന്നേ കുറവുള്ളവർ, എയ്‌ഡ്‌സ്‌ ബാധിതർ തുടങ്ങിയവരിൽ വാക്‌സിൻ പ്രതികരണം കുറഞ്ഞേക്കും.

Most Read: ചോദ്യം ചെയ്യലിന് ഹാജരാകണം; കര്‍ഷക സംഘടനാ നേതാവിന് എൻഐഎ നോട്ടീസ്

മനുഷ്യരാശിയുടെ മുഴുവൻ സംവിധാനങ്ങളെയും വെല്ലുവിളിച്ച, നഗ്‌ന നേത്രങ്ങൾകൊണ്ട് കാണാൻ പോലും സാധിക്കാത്ത കോവിഡ് എന്ന വില്ലനെ ശാസ്‌ത്രലോകം വളരെവേഗത്തിൽ പിടിച്ചുകെട്ടും എന്ന ശുഭപ്രതീക്ഷയോടെ വാക്‌സിനേഷൻ നടപടികൾക്ക് പിന്തുണ നൽകാം, അതിൽ പങ്കാളികളാവാം.

ജനുവരി മുതൽ ജൂലായ് വരെ നീളുന്നതാണ് ആദ്യഘട്ട വാക്‌സിനേഷൻ പ്രവർത്തനങ്ങൾ. ആരോഗ്യ പ്രവർത്തകർ, മുൻനിര പോരാളികൾ തുടങ്ങിയ വിഭാഗത്തിലെ മുഴുവൻ പേരെയും ജൂലായ് മാസത്തോടെ വാക്‌സിനേഷന് വിധേയമാക്കാനാണ് സർക്കാർ തീരുമാനം. നിരവധി സസൂക്ഷ്‌മ പരീക്ഷണങ്ങൾക്ക് ശേഷമെത്തുന്ന വാക്‌സിനുകൾ ഗുണനിലവാരം ഉറപ്പ് വരുത്തി, അനേക കോടി ആരോഗ്യപ്രവർത്തകർക്ക് നൽകിയ ശേഷമാണ് നമ്മിലേക്കെത്തുക. അതിനാൽ തന്നെ ആശങ്കയുടെ ആവശ്യമില്ല എന്നത് ഓർക്കുക.

Read Also: മോദിയോട് പറഞ്ഞ് രക്ഷിക്കണം; അർണബും ബാർക് സിഇഒയുമായുള്ള വാട്‍സ്ആപ്പ് ചാറ്റ് പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE