ന്യൂഡെല്‍ഹി : കരസേനയില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ ലഭിക്കുന്നത് ലഡാക്കിലെ അതിര്‍ത്തികളില്‍ സേവനമനുഷ്‌ഠിക്കുന്ന സൈനികര്‍ക്കാണെന്ന് വ്യക്‌തമാക്കി അധികൃതര്‍. ഇവരില്‍ തന്നെ കിഴക്കന്‍ ലഡാക്കില്‍ ജോലി ചെയ്യുന്ന സൈനികരായിരിക്കും കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന ആദ്യവിഭാഗം. കരസേനയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്‌ടർമാര്‍ക്കും, പ്രമെഡിക്‌സ് സംഘത്തിനും ഒപ്പം തന്നെ സൈനികര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്.
സൈനികര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഏകദേശം 4000 സൈനികര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുകയെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 2020 മെയ് മാസം മുതല്‍ കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം നിറഞ്ഞ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ ഘട്ടത്തില്‍ രാജ്യത്തിന് സുരക്ഷയൊരുക്കി സേവനമനുഷ്‌ഠിക്കുന്ന സൈനികര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
രാജ്യത്ത് ഇന്ന് മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 3 കോടി ആളുകള്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഇതില്‍ കോവിഡ് മുന്നണി പോരാളികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. മൂന്ന് കോടി കോവിഡ് പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ ചിലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്‌തമാക്കിയിരിക്കുന്നത്. രണ്ടാംഘട്ട വാക്‌സിനേഷന്‍ ആകുന്നതോടെ രാജ്യത്തെ 30 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ ഉല്‍ഘാടന ചടങ്ങില്‍ വ്യക്‌തമാക്കി.
ഇന്ന് മുതല്‍ ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ രാജ്യമെമ്പാടും 3000ലധികം കേന്ദ്രങ്ങളില്‍ വച്ചാണ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ ഓരോ ദിവസവും 100 പേര്‍ക്കാണ് ഓരോ കേന്ദ്രങ്ങളിലും വാക്‌സിന്‍ വിതരണം ചെയ്യുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്ന ആളുകള്‍ക്ക് 28 ദിവസത്തെ ഇടവേളക്ക് ശേഷം രണ്ടാം ഡോസ് വാക്‌സിന്‍ കൂടി നല്‍കും. രണ്ടാം ഡോസ് വാക്‌സിന്റെ കുത്തിവെപ്പ് കൂടി പൂര്‍ത്തിയായാല്‍ മാത്രമേ വാക്‌സിന്‍ ഫലം കാണുകയുള്ളൂ എന്നും പ്രധാനമന്ത്രി ഇന്ന് ഉല്‍ഘാടന ചടങ്ങില്‍ വ്യക്‌തമാക്കി.
Read also : നോര്‍വേയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23 വയോധികര്‍ മരിച്ചു






































