പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിനെതിരെ ബിജെപി രംഗത്തിറക്കുക സന്ദീപ് വാര്യരെ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നല്കിയ ആത്മ വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. നഗരസഭയില്‍ തുടര്‍ഭരണം നേടിയതും സമീപ പഞ്ചായത്തുകളിലെ വോട്ടു വര്‍ധനയും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
നാലുപതിറ്റാണ്ടായി ബിജെപിക്ക് നോട്ടമുള്ള മണ്ഡലമാണ് പാലക്കാട്. യുഡിഎഫുമായി ആറായിരം വോട്ടിന്റെ വ്യത്യാസമാണ് ബിജെപിക്കുളളത്. സന്ദീപ് വാര്യരെ പോലെ ഒരു യുവനേതാവ് വരുന്നതോടെ ഇത് മറികടക്കാനാവുമെന്ന് നേതൃത്വം കരുതുന്നു. ഇത്തവണ നൂറു ശതനമാനവും പാലക്കാട് താമര വിരിയിക്കാനാകുമെന്ന് തന്നെയാണ് തങ്ങള്‍ കരുതുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസ് പറഞ്ഞു.
കഴിഞ്ഞ തവണ ശോഭാ സുരേന്ദ്രന് മല്‍സരിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരുന്നു. 2011-ല്‍ ഇടതുപക്ഷത്തില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്ത ഷാഫി പറമ്പില്‍ കഴിഞ്ഞ തവണ തന്റെ ഭൂരിപക്ഷം കൂട്ടുകയാണ് ചെയ്തത്. എന്നാല്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വര്‍ധനയിലാണ് ബിജെപിയുടെ പ്രതീക്ഷ. യുഡിഎഫിനു ഷാഫി പറമ്പില്‍ അല്ലാതെ മറ്റൊരു പോരാളി പാലക്കാട് മണ്ഡലത്തിലില്ല. ഇടതുപക്ഷവും മുതിര്‍ന്ന നേതാക്കളെ പാലക്കാട് പരീക്ഷിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.
Read also : നിയമസഭാ തിരഞ്ഞെടുപ്പ്; 5.79 ലക്ഷം കന്നിവോട്ടർമാർ







































