തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ കേന്ദ്രസർക്കാരിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസ്. ഒരു മാസത്തിനകം മറുപടി നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ഫെഡറൽ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന സംസ്‌ഥാന സർക്കാരിന്റെ ആരോപണത്തെ തുടർന്നാണ് നടപടി.
ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യണമെന്നും സിബിഐ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ അനുവദിക്കണമെന്നുമുള്ള പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കോടതി സിബിഐക്കും കേന്ദ്രസർക്കാരിനും നോട്ടീസ് നൽകിയിരിക്കുന്നത്.
ഇന്ന് നടന്ന വാദത്തിൽ പ്രധാനമായും രണ്ട് കാര്യങ്ങളാണ് സംസ്‌ഥാന സർക്കാർ മുന്നോട്ട് വെച്ചത്. യൂണിടാക്കും യുഎഇയിലെ റെഡ് ക്രസന്റും തമ്മിലാണ് പണമിടപാട് നടന്നത് എന്നതാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. വിദേശ സഹായം സ്വീകരിച്ചത് യൂണിടാക് എന്ന സ്വകാര്യ കമ്പനിയാണെന്നും ഇതിൽ സംസ്‌ഥാന സർക്കാരിനോ ലൈഫ് മിഷനോ യാതൊരു പങ്കുമില്ലെന്നും സർക്കാർ വ്യക്‌തമാക്കി.
അതിനാൽ, വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു. കൂടാതെ, യൂണിടാക്കിന്റെ പണമിടപാടുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ സംസ്‌ഥാന പോലീസും വിജിലൻസും അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സംസ്‌ഥാന സർക്കാരിന്റെയോ കോടതിയുടെയോ ഉത്തരവില്ലാതെ സിബിഐ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ എത്രയും പെട്ടെന്ന് സിബിഐ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെയും സിബിഐയുടെയും വിശദമായ വാദം കൂടി കേട്ട ശേഷം മാത്രമായിരിക്കും സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുക.
Also Read: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം