പാലക്കാട് : ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ വീണ്ടും തീപിടുത്തം ഉണ്ടായി. മായന്നൂർപാലത്തിന് താഴെയായി വേനൽകാലത്ത് കിളികളുടെ ആവാസകേന്ദ്രമായ സ്‌ഥലത്താണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ 10 ദിവസങ്ങൾക്ക് മുൻപും ഇതേ ഭാഗത്തെ പുൽക്കാടുകളിൽ തീപിടുത്തം ഉണ്ടായിരുന്നു. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരായ ആളുകളാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. രാത്രി സമയങ്ങളിൽ ഇവർ പുൽക്കാടുകൾക്ക് തീയിടുന്നതായാണ് സംശയിക്കുന്നത്.
തീപിടുത്തം ഉണ്ടായതിനെ തുടർന്ന് രാത്രി വൈകി പോലീസ് പുൽക്കാടുകൾക്ക് സമീപവും, പുഴയുടെ പരിസരത്തും പരിശോധന നടത്തിയിരുന്നു. വേനൽ കാലമാകുമ്പോഴേക്കും നിരവധി പക്ഷികളാണ് ഇവിടെ കൂടു കൂട്ടി മുട്ടയിടുന്നത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് ഈ പ്രദേശത്ത് തീപിടുത്തം ഉണ്ടായിരുന്നു. തുടർന്ന് കിളികളുടെ മുട്ടകൾ വിരിഞ്ഞിരുന്ന ഒട്ടേറെ കൂടുകൾ കത്തിനശിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തം മൂലം പാലത്തിലൂടെ കടന്നുപോയ നിരവധി വാഹനയാത്രക്കാർക്ക് പുക തടസം സൃഷ്‌ടിച്ചിരുന്നു. ഗതാഗതം തടസമില്ലാതെ കടന്നുപോകുന്നതിനും ഒരു ഘട്ടത്തിൽ തീപിടുത്തം ബാധിച്ചു. നിലവിൽ വേനൽ കാലമടുത്തതോടെ നീരൊഴുക്ക് കുറഞ്ഞ് മണൽപ്പരപ്പ് വെളിവായ പുഴയുടെ പരിസരം സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്ന് കടുത്ത ആക്ഷേപം ഉയരുന്നുണ്ട്. തീപിടുത്തത്തിന് കാരണവും ഇവരാണെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തിൽ മായന്നൂർപ്പാലത്തിലും പുഴയിലും പോലീസ് പട്രോളിങ് കർശനമാക്കണമെന്ന ആവശ്യം ശക്‌തമാകുകയാണ്.
Read also : വെൽഫെയർ സ്വാധീനത്തിൽ ലീഗിന് നയമാറ്റം; സ്വീകാര്യത കുറഞ്ഞുവെന്ന് കെടി ജലീൽ







































