മലപ്പുറം : ജില്ലയിൽ നാളെ മുതൽ വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ ലഭിക്കും. ‘സേവനം വാതിൽപ്പടിയിൽ’ എന്ന പദ്ധതി ഇന്ന് വൈകുന്നേരം 6 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം നിർവഹിക്കും. വൈദ്യുതി ഉപഭോക്‌താക്കൾക്ക് ഓഫീസുകൾ സന്ദർശിക്കാതെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി സംസ്‌ഥാന വൈദ്യുതി ബോർഡ് ആരംഭിച്ച പദ്ധതിയാണ് ‘സേവനം വാതിൽപ്പടിയിൽ’.
ജില്ലയിൽ ഇന്ന് പദ്ധതി ഉൽഘാടനം ചെയ്യുന്നതോടെ, ആദ്യഘട്ടത്തിൽ വണ്ടൂർ ഡിവിഷന് കീഴിൽ വരുന്ന പാണ്ടിക്കാട്, തുവ്വൂർ സെക്ഷനുകളിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. തുടർന്ന് രണ്ടാം ഘട്ടത്തിൽ ജില്ലയിലെ എല്ലാ ഓഫീസുകളിലും ഈ പദ്ധതി പ്രവർത്തനം ആരംഭിക്കും. വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പദ്ധതിയുടെ ഉൽഘാടനം നിർവഹിക്കുന്നത്.
പദ്ധതി നിലവിൽ വരുന്നതോടെ പുതിയ വൈദ്യുതി കണക്‌ഷൻ, ലോഡ് മാറ്റം, ഉടമസ്‌ഥാവകാശ മാറ്റം, മീറ്റർ മാറ്റം എന്നീ സേവനങ്ങൾക്ക് വൈദ്യുതി ഓഫീസിൽ കയറിയിറങ്ങേണ്ടി വരില്ല. 1912 എന്ന കസ്‌റ്റമർ കെയർ നമ്പറിൽ വിളിച്ച് രജിസ്‌റ്റർ ചെയ്‌താൽ വൈദ്യുതി ബോർഡ് ഉദ്യോഗസ്‌ഥർ നേരിട്ടെത്തി സേവനങ്ങൾ നൽകും.
Read also : ഗാസിപൂരിൽ ഒക്‌ടോബർ 2 വരെ പ്രക്ഷോഭം തുടരും; രാകേഷ് ടിക്കായത്ത്








































