കോഴിക്കോട്: ചെക്യാട് കായലോട്ട് താഴെ തീപ്പൊള്ളലേറ്റ കുടുംബത്തിലെ നാലു പേരും മരിച്ചു. ഗൃഹനാഥനും മൂത്തമകനും മരിച്ചതിന് പിന്നാലെ ഭാര്യയും രണ്ടാമത്തെ മകനും മരണത്തിന് കീഴടങ്ങി.
കായലോട്ട് കീറിയപറമ്പത്ത് രാജു, ഭാര്യ റീന, മക്കളായ സ്റ്റാലിഷ്, സ്റ്റഫിന് എന്നിവരാണ് മരിച്ചത്. രാജുവും മകന് സ്റ്റാലിഷും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മരിച്ചിരുന്നു. ഭാര്യ റീനയുടെയും മകന്റെയും മരണം വ്യാഴാഴ്ചയാണ് സംഭവിച്ചത്.
ചൊവ്വാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തിങ്കളാഴ്ച സമീപത്തെ വിവാഹ വീട്ടില്‍ നിന്ന് രാത്രി വൈകിയാണ് റീനയും മക്കളും തിരിച്ചെത്തിയത്. രാജു വീട്ടില്‍ത്തന്നെയായിരുന്നു. പുലര്‍ച്ചെ രണ്ടരമണിയോടെ വിവാഹ വീട്ടിലെ ആവശ്യത്തിന് മൽസ്യം വാങ്ങാന്‍ പോകുകയായിരുന്ന അയല്‍വാസികള്‍ രാജുവിന്റെ വീട്ടില്‍ നിന്ന് കൂട്ടനിലവിളി കേട്ട് ഓടിയെത്തുക ആയിരുന്നു.
ശരീരത്തില്‍ തീപടര്‍ന്ന് പ്രാണരക്ഷാര്‍ഥം വീടിനുള്ളില്‍ നിന്ന് പുറത്തേക്കു കടക്കാന്‍ ശ്രമിക്കുന്ന വീട്ടുകാരെയാണ് ഇവർ കണ്ടത്. ഉടൻ രാജുവിനെയും കുടുംബത്തെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിൽസക്കായി കോഴിക്കോട്ടേക്കും മാറ്റി. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Malabar News: കൈക്കൂലി കേസ്; ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ







































