കൊച്ചി: പാലാരിവട്ടം പാലം ഞായറാഴ്‌ച തുറക്കും. പൊതുമരാമത്ത് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ലെന്ന് മന്ത്രി ജി സുധാകരന്റെ ഓഫീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കാരണമാണ് ഉൽഘാടന ചടങ്ങുകൾ ഒഴിവാക്കിയത്. പകരം ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയർ പാലം പൊതു ഗതാഗതത്തിനായി തുറന്ന് കൊടുക്കും.
മന്ത്രിമാർ ഉൾപ്പടെയുള്ളവർ മാർച്ച് 7ന് പാലം സന്ദർശിക്കാൻ എത്തും. 8 മാസത്തേക്കാണ് പാലത്തിന്റെ പുനർ നിർമാണം കരാർ കമ്പനി ഏറ്റെടുത്തിരുന്നതെങ്കിലും 5 മാസം കൊണ്ട് പണി പൂർത്തിയാക്കി. 22 കോടി 68 ലക്ഷം രൂപ ചെലവിലാണ് പാലം പുനർ നിർമിച്ചത്.
കഴിഞ്ഞ ദിവസം നടത്തിയ പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന തൃപ്‌തികരമായിരുന്നു. 24 മണിക്കൂറോളം പാലത്തിൽ ഭാരം കയറ്റിയ വാഹനങ്ങൾ നിർത്തിയിട്ടാണ് പരിശോധന നടത്തിയിരുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലാരിവട്ടം പാലത്തിന്റെ പുനർ നിർമാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് നൽകുന്നത് സംസ്‌ഥാന സർക്കാരിനെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.
Also Read: ഏറ്റുമാനൂർ സീറ്റ് വിട്ടുനൽകില്ലെന്ന് ജോസഫ് വിഭാഗം; വഴിമുട്ടി ചർച്ച







































