തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിനെ തുടർന്ന് തിയേറ്ററുകളിൽ ഏർപ്പെടുത്തിയിരുന്ന പ്രദർശനസമയ നിയന്ത്രണങ്ങൾക്ക് അയവ് നൽകാൻ കോവിഡ് കോർ കമ്മിറ്റി സർക്കാറിന് നിർദേശം നൽകി. ഇതോടെ സംസ്ഥാനത്ത് വീണ്ടും സെക്കൻഡ് ഷോകൾ പുനഃരാരംഭിക്കും. കോവിഡ് കോർ കമ്മിറ്റി സർക്കാറിന് നൽകിയ ശുപാർശയിൽ ഇന്ന് ഉത്തരവ് പുറത്തിറങ്ങിയേക്കും.
സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ തന്നെ കോവിഡിന് ശേഷം തിയേറ്റർ റിലീസ് ചെയ്ത ചിത്രങ്ങൾക്ക് ഒന്നും തന്നെ കാര്യമായ വരുമാനം നേടാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ സെക്കൻഡ് ഷോ നടത്താൻ അനുമതി ഇല്ലാത്തതിനെ തുടർന്ന് നിരവധി സിനിമകൾടെ റിലീസും മാറ്റിവച്ചു. തിയേറ്റർ വരുമാനത്തിന്റെ പകുതിയിലേറെയും സെക്കൻഡ് ഷോകളിൽ നിന്നാണെന്നും ഒരു ഷോ നടത്തുന്നതിന് മാത്രം അനുമതി നിഷേധിക്കുന്നതു ശാസ്ത്രീയമല്ലെന്നും ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പടെ സിനിമാ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു.
കോവിഡ് കോർ കമ്മിറ്റിയുടെ ശുപാർശ പ്രകാരം പകൽ 12 മണി മുതൽ രാത്രി 12 വരെയായിരിക്കും തിയേറ്ററുകൾ പ്രദർശനം അനുവദിക്കുക. നിലവിൽ ഇത് രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ആയിരുന്നു. കൂടാതെ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ അനുവദിച്ചു കേന്ദ്രസർക്കാർ ഇതിനോടകം തന്നെ ഉത്തരവ് പുറത്തിറക്കിയെങ്കിലും കേരളത്തിൽ നിലവിൽ 50 ശതമാനം സീറ്റുകളിൽ മാത്രമാണ് പ്രവേശനം. കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തൽക്കാലം ഇതിൽ മാറ്റം വരുത്താൻ സാധ്യതയില്ല.
Read also : ‘ഹർഷ’ നെയ്തെടുക്കുന്ന ‘ഐറാലൂം’; മലബാറിൽ നിന്ന് മാതൃകയാകുന്ന യുവസംരംഭക







































