തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ നേമത്ത് നിന്ന് മൽസരിക്കുമെന്ന വാർത്തകൾ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതൊക്കെ ആരാണ് പറയുന്നത് എന്നും തനിക്ക് ഈ വാർത്തകളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാന്റിനെ താന്‍ കണ്ടിട്ടില്ലെന്നു പറഞ്ഞ ഉമ്മൻ ചാണ്ടി പക്ഷെ, ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ നേമത്ത് മൽസരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല.
നേരത്തെ, നേമത്ത് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് സ്ഥാനാർഥി ആയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. നേമത്തും, പുതുപ്പള്ളിയിലും ഉമ്മൻ ചാണ്ടി മൽസരിക്കാൻ സന്നദ്ധത അറിയിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. നേമത്ത് മൽസരിച്ചാൽ മറ്റൊരിടത്തും സ്ഥാനാർഥിത്വം അനുവദിക്കാമെന്ന് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയെ അറിയിച്ചിരുന്നതായും വാർത്തയുണ്ടായിരുന്നു.
നേമത്ത് കരുത്തനായ സ്ഥാനാർഥി വേണമെന്നാണ് കോൺഗ്രസ് നിലപാട്. ഉമ്മൻ ചാണ്ടി നേമത്ത് മൽസരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ തീരുമാനമായില്ലെന്നും തലമുതിർന്ന നേതാവ് തന്നെ വരുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.
നിലവില്‍ സംസ്ഥാനത്ത് ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമം. വി ശിവന്‍കുട്ടിയാണ് നേമത്ത് എല്‍ഡിഎഫ് സ്ഥാനാർഥി. കുമ്മനം രാജശേഖരനായിരിക്കും എന്‍ഡിഎക്ക് വേണ്ടി കളത്തിൽ ഇറങ്ങുക.
Also Read: കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി








































