തിരുവനന്തപുരം: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് രണ്ട് മണ്ഡലങ്ങളിൽ സ്‌ഥാനാർഥിത്വം നൽകിയതിൽ പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ. മുതിര്‍ന്ന നേതാക്കള്‍ക്ക് കിട്ടാത്ത ഭാഗ്യമാണ് സുരേന്ദ്രന് ലഭിച്ചിരിക്കുന്നതെന്ന് ശോഭ പറഞ്ഞു.
ഒ രാജഗോപാലിനോ കുമ്മനം രാജശേഖരനോ ലഭിക്കാത്ത ഭാഗ്യമാണ് കെ സുരേന്ദ്രന് ലഭിച്ചിരിക്കുന്നത്. രണ്ട് സീറ്റിലും അദ്ദേഹത്തിന് വിജയാശംസകള്‍. കെ സുരേന്ദ്രന് രണ്ട് സീറ്റില്‍ മൽസരിക്കുമെന്ന് പ്രഖ്യാപിച്ചത് ദേശീയ നേതൃത്വമാണ്. അതിനെ സ്വാഗതം ചെയ്യുന്നു. സുരേന്ദ്രനെ രണ്ട് മണ്ഡലത്തിലും വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
താന്‍ മൽസരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. സ്‌ഥാനാർഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തനം നടത്താനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധി വിളിച്ച് അവരുടെ ആഗ്രഹം താന്‍ മൽസരിക്കുകയാണെന്ന് പറഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തക എന്ന രീതിയില്‍ പാര്‍ട്ടിയുടെ തീരുമാനവുമായി മുന്നോട്ടു പോകണമെന്ന് പ്രതിനിധി ആവശ്യപ്പെട്ടുവെന്നും ശോഭ പറഞ്ഞു.
കോണ്‍ഗ്രസിലെ ലതികാ സുഭാഷിന്റെ രാജിയില്‍ വേദനയുണ്ടെന്നും രാഷ്‌ട്രീയത്തിലെ പുരുഷൻമാരായ മുഴുവന്‍ ആളുകളും പുനര്‍വിചിന്തനത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ബിജെപി സ്‌ഥാനാർഥി പട്ടിക ഇന്നാണ് പ്രഖ്യാപിച്ചത്. കോന്നിയിലും മഞ്ചേശ്വരത്തുമാണ് കെ സുരേന്ദ്രന്‍ മൽസരിക്കുന്നത്. ആത്‌മവിശ്വാസക്കുറവ് കൊണ്ടല്ല അതുള്ളതു കൊണ്ടാണ് രണ്ട് മണ്ഡലങ്ങളില്‍ പാര്‍ട്ടി തന്നെ നിര്‍ത്തിയിരിക്കുന്നത് എന്നും കെ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരൻ കളത്തിലിറങ്ങും. പാലക്കാട് സീറ്റിൽ മെട്രോമാൻ ഇ ശ്രീധരൻ തന്നെയാണ് സ്‌ഥാനാർഥി. ധർമ്മടത്ത് ബിജെപി മുതിർന്ന നേതാവ് സികെ പത്‌മനാഭൻ ആണ് മൽസരിക്കുന്നത്. സുരേഷ് ഗോപി തൃശൂരിലും അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ജനവിധി തേടും. നിലവില്‍ പ്രഖ്യാപിച്ച പ്രമുഖരുടെ പട്ടികയില്‍ ശോഭാ സുരേന്ദ്രന്റേയും വി മുരളീധരന്റേയും പേരില്ല.
Also Read: സ്‌ഥാനാര്‍ഥിത്വം ലഭിച്ചില്ല; രാജിവെച്ച്, തല മുണ്ഡനം ചെയ്‌ത് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ







































