തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും പല മണ്ഡലങ്ങളിലും ഇങ്ങനെ ആയിരക്കണക്കിന് വോട്ടർമാരുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഉദുമ മണ്ഡലത്തിൽ 164 ആം നമ്പർ ബൂത്തിൽ ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടുണ്ട്. സംസ്ഥാന തലത്തിൽ കള്ളവോട്ട് സൃഷ്ടിക്കാൻ ഗൂഢാലോചന നടന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ഒരേ പേരും ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേർത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ. അട്ടിമറിക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും സംശയിക്കുന്നു. ഒരേ ആളിന്റെ പേരിൽ നാലും അഞ്ചും വോട്ട് ചേർത്തത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും ചെന്നിത്തല ആരോപിച്ചു.
പല മണ്ഡലങ്ങളിലെയും കണക്കുകൾ സഹിതമാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ഇവരെ തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കരുത്. എങ്കിലേ സുതാര്യമായ തിരഞ്ഞെടുപ്പ് ഉണ്ടാവൂ. ഈ വോട്ടുകൾ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ സംവിധാനത്തിൽ ക്രമക്കേടുകൾ വളരെ വേഗം കണ്ടെത്താനാവും. കഴക്കൂട്ടം മണ്ഡലത്തിൽ 4506 കള്ളവോട്ടർമാരെ കണ്ടെത്തി. കൊല്ലത്ത് 2534, തൃക്കരിപ്പൂരിൽ 1436, കൊയിലാണ്ടിയിൽ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പിൽ 3525 പേരുമാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല കണക്കുകൾ നിരത്തി.
Read Also: സിപിഎം- ബിജെപി ബാന്ധവമില്ല; ബാലശങ്കറിനെ തള്ളി ഒ രാജഗോപാൽ







































