കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. സംസ്‌ഥാനത്ത് പ്രചാരണത്തിനായി എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും പ്രകടന പത്രിക പുറത്തിറക്കുക എന്നാണ് സൂചന. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുന്നതായിരിക്കും പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ എന്നാണ് ബിജെപി വൃത്തങ്ങളുടെ പ്രതികരണം.
ബംഗാളിൽ എത്തുന്ന അമിത് ഷാ ആദ്യം കാന്തി, എഗ്രയിലെ പല്ലിഗായ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യും. തുടർന്ന് ബിജെപി ജില്ലാ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. ഇതിന് ശേഷം ഈസ്‌റ്റേൺ സോണൽ കൾച്ചറൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ പ്രകടന പത്രിക പുറത്തിറക്കും.
പശ്‌ചിമ ബംഗാളിനെ ഒരു അന്താരാഷ്‌ട്ര വ്യാപാര, വാണിജ്യ കേന്ദ്രമായി വികസിപ്പിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നതായിരിക്കും പ്രകടന പത്രികയെന്ന് വാർത്താ ഏജൻസിയായ എഎൻഐ പറയുന്നു. ബംഗ്ളാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവയുമായി അതിർത്തി പങ്കിടുന്നതിനാൽ സംസ്‌ഥാനത്തെ റോഡ് ശൃംഖല പശ്‌ചിമ ബംഗാളിന്റെ വികസനത്തിൽ തന്ത്രപ്രധാനമായ പങ്ക് വഹിക്കുന്നു, അതുകൊണ്ട് തന്നെ പുതിയതും മെച്ചപ്പെട്ടതുമായ റോഡും റെയിൽ കണക്ഷനുകളും പൗരൻമാർക്കും അയൽ രാജ്യങ്ങൾക്കുമായി ബിജെപി പ്രകടന പത്രികയിൽ വാഗ്‌ദാനം നൽകുമെന്നാണ് റിപ്പോർട്.
294 അംഗ പശ്‌ചിമ ബംഗാൾ നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായി നടക്കും. മെയ് 2നാണ് വോട്ടെണ്ണൽ.
Also Read: സംസ്‌ഥാനത്ത് 1061 സ്‌ഥാനാര്‍ഥികള്‍; പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി







































