തിരുവനന്തപുരം : മരണശേഷം തന്റെ ശരീരം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ട് നൽകാൻ തീരുമാനിച്ച് സിസ്‌റ്റർ ലൂസി കളപ്പുര. തുടർന്ന് ശരീരദാനം ചെയ്യാൻ തയ്യാറാണെന്ന് വ്യക്‌തമാക്കുന്ന സമ്മതപത്രം കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസ്‌റ്റർ സമർപ്പിച്ചു. കൂടാതെ സമൂഹത്തിൽ അവയവ, ശരീര ദാനത്തിനായി നിരവധി ആളുകൾ മുന്നോട്ട് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും സിസ്‌റ്റർ വ്യക്‌തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളേജിലെ അനാട്ടമി ഡിപ്പാർട്മെന്റിനാണ് മരണശേഷം തന്റെ ശരീരം പഠനത്തിനായി വിട്ടുനൽകാൻ സിസ്‌റ്റർ ലൂസി കളപ്പുര സമ്മതപത്രം സമർപ്പിച്ചത്. മരണശേഷം ശരീരം പഠനത്തിനായി നൽകുന്നതിനൊപ്പം തന്നെ കണ്ണും ദാനം ചെയ്യാൻ സിസ്‌റ്റർ തീരുമാനിച്ചിട്ടുണ്ട്. ഏറെ നാളായി ഇതിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും, ഇതിലൂടെ മരണശേഷവും തനിക്ക് ജീവിക്കണമെന്നും സിസ്‌റ്റർ വ്യക്‌തമാക്കി.
തന്റെ ഈ പ്രവൃത്തിയിലൂടെ അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിലെ ഓരോരുത്തരെയും ഓർമിപ്പിക്കുകയാണെന്നും സിസ്‌റ്റർ ലൂസി പറഞ്ഞു. മരണശേഷം ശരീരം വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ട് നൽകാൻ സിസ്‌റ്റർ ലൂസി നേരത്തെ താൽപര്യം അറിയിച്ചെങ്കിലും സഭ അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇത്തവണ സഭയുടെ അനുമതിക്ക് കാത്ത് നിൽക്കാതെയാണ് സിസ്‌റ്റർ സമ്മതപത്രം സമർപ്പിച്ചത്.
Read also : ആനകളുടെ തലപൊക്ക മൽസരം; തൃശൂരിൽ പാപ്പാൻമാർക്ക് എതിരെ വനംവകുപ്പ് കേസെടുത്തു







































