കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സീറ്റുകളുടെ എണ്ണം മാർച്ച് 27ന് തങ്ങളുടെ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ- ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഐഎംഎം) മേധാവി അസദുദ്ദീൻ ഒവൈസി. തിരഞ്ഞെടുപ്പിൽ എഐഐഎം മൽസരിക്കുമെന്ന് ഒവൈസി എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് വ്യക്‌തമാക്കിയത്.
മാർച്ച് 27ന് സാഗെർദിഗിയിൽ നടക്കുന്ന പൊതുയോഗത്തിൽ എഐഐഎംഎം മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും ഒവൈസി പറഞ്ഞു. തന്റെ പാർട്ടിയും അബ്ബാസ് സിദ്ദിഖിയും തമ്മിലുള്ള രാഷ്‌ട്രീയ ചർച്ചക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വരാനിരിക്കുന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ എഐഐഎം പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരുപാട് ഊഹാപോഹങ്ങൾ ഉണ്ടായെങ്കിലും എഐഐഎംഎം മേധാവി പതിവുപോലെ മൗനം പാലിക്കുകയാണുണ്ടായത്. തൃണമൂൽ കോൺഗ്രസ് (ടിഎംസി), കോൺഗ്രസ്- ഇടതു സഖ്യം, ഭാരതീയ ജനതാ പാർട്ടി (ബിജെപി) എന്നിവരുമായി സംസ്‌ഥാനം ഇത്തവണ ത്രികോണ മൽസരത്തിനാണ് സാക്ഷ്യം വഹിക്കുക.
പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മാർച്ച് 27നാണ് ആരംഭിക്കുന്നത്. 8 ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഏപ്രിൽ 29നാണ്. മെയ് 2ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.







































