മുംബൈ: ടിആര്‍പി അഴിമതിക്കേസില്‍ റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്‌റ്റ് ചെയ്യണമെങ്കില്‍ മൂന്ന് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് മുംബൈ പോലീസിന് നിര്‍ദേശം നല്‍കി മഹാരാഷ്‌ട്ര ഹൈക്കോടതി. പോലീസ് മൂന്ന് മാസമായി കേസ് അന്വേഷിച്ചു വരികയാണെന്നും അര്‍ണബിനെ കേസിലെ പ്രതിയായി ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നുമാണ് ബെഞ്ചിന്റെ വിലയിരുത്തൽ.
അര്‍ണബ് ഗോസ്വാമിയെ സസ്‌പെക്റ്റ് ആയാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുള്ളതെന്നും അതിനാല്‍, ആസന്നമായ അറസ്‍റ്റിന്റെ വാള്‍ അര്‍ണബിന്റെ തലക്ക് മുകളിലുണ്ടെന്നും കോടതി പറഞ്ഞു.
അതേസമയം ടിആര്‍പി തട്ടിപ്പ് കേസില്‍ റിപ്പബ്ളിക് ടിവിക്കെതിരായ അന്വേഷണം 12 ആഴ്‌ചക്കകം പൂര്‍ത്തിയാക്കുമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
റിപ്പബ്ളിക് ടിവി ചാനലിനും അര്‍ണബ് ഗോസ്വാമിക്കും എആര്‍ജി ഔട്ട്ലിയര്‍ മീഡിയയിലെ മറ്റ് ജീവനക്കാര്‍ക്കും എതിരെ പോലീസ് നടത്തിയ അന്വേഷണം അപകീര്‍ത്തികരമാണ് എന്നാണ് അര്‍ണബിന്റെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞത്.
യഥാര്‍ഥ പ്രതി ആരെന്ന വിഷയത്തില്‍ ഇനിയും കൃത്യത വരാത്തതിനാല്‍ അന്വേഷണം മരവിപ്പിക്കണമെന്ന അര്‍ണബിന്റെ ആവശ്യം കോടതി തള്ളുകയാണ് ചെയ്‌തത്.
Read Also: പ്രധാനമന്ത്രി ആവാസ് യോജനയില്‍ കോടികളുടെ തട്ടിപ്പ്; സിബിഐ കേസെടുത്തു