തിരുവനന്തപുരം: ആദ്യഘട്ടത്തേക്കാൾ അതിവേഗത്തിലാകും കോവിഡിന്റെ രണ്ടാം വരവെന്ന് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്. സുരക്ഷാ മാർഗങ്ങൾ പൂർണമായും കൈവിട്ടതോടെ രണ്ട് മാസത്തിനകം ഇപ്പോൾ താഴ്ന്ന് നിൽക്കുന്ന കോവിഡ് കണക്കുകൾ കുതിച്ചുയർന്നേക്കാമെന്ന് ആരോഗ്യ വിദഗ്‌ധർ വിലയിരുത്തുന്നു. രോഗവ്യാപനം കണക്കിലെടുത്ത് 45ന് മുകളിൽ പ്രായമുള്ളവർ എത്രയും പെട്ടെന്ന് പ്രതിരോധ വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
കോവിഡ് കാലം കഴിഞ്ഞുവെന്ന പ്രവണതയാണ് ജനങ്ങളിൽ പൊതുവേ കണ്ടുവരുന്നത്. പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെയും കൂട്ടം കൂടി നിന്നും മാനദണ്ഡങ്ങൾ ലംഘിക്കുകയാണ്. കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക എന്ന് ജനങ്ങളെ നിരന്തരം ഓർമപ്പെടുത്തുന്ന നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെയും സ്‌ഥിതി ഇത് തന്നെയാണ്.
തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ കോവിഡിനെ നാം മറന്നെന്നേയുള്ളൂ. ആദ്യഘട്ടത്തിൽ 30,000ത്തിൽ നിന്ന് 60,000ത്തിലേക്ക് കോവിഡ് പ്രതിദിന വർധനയെത്താൻ 23 ദിവസം എടുത്തെങ്കിൽ ഇപ്പോൾ രണ്ടാം വരവിൽ വെറും 10 ദിവസം മാത്രമേ വേണ്ടി വന്നുള്ളൂ. കോവിഡ് വർധനയുടെ ആദ്യ തരംഗം അവസാനിച്ച കേരളത്തിൽ രണ്ടാം വ്യാപനം രണ്ട് മാസത്തിനകം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
നിലവിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 2000 കടന്നിട്ടുണ്ട്. വ്യാപന ശേഷി കൂടുതലായതിനാൽ മരണ നിരക്കും ഉയർന്നേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത തിരഞ്ഞെടുപ്പ് തിരക്കുകളും ഈസ്‌റ്റർ, വിഷു ആഘോഷങ്ങളും ആശങ്ക ഉയർത്തുന്നുണ്ട്. ഇതുവരെ 30 ലക്ഷം പേരാണ് വാക്‌സിൻ സ്വീകരിച്ചത്.
Also Read: ‘നുണേന്ദ്ര മോദി’, പ്രധാന മന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ







































