തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. തെക്കൻ കേരളത്തിലാണ് പ്രിയങ്ക ആദ്യമെത്തുന്നത്. 30,31 തീയതികളിൽ സംസ്ഥാനത്ത് നടക്കുന്ന യുഡിഎഫ് പ്രചാരണങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.
ഇന്ന് രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക കായംകുളം മണ്ഡലത്തിലെ പൊതു പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യ ദിവസത്തെ പര്യാടനം. വലിയതുറയിൽ റോഡ് ഷോയിലും പങ്കെടുക്കും. തൃശൂർ, എറണാകുളം ജില്ലകളിൽ നാളെയാണ് പര്യടനം.
കായംകുളം, കരുനാഗപ്പള്ളി, കുന്നത്തൂർ, ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ, കുണ്ടറ തുടങ്ങി കൊല്ലത്തെ എല്ലാ മണ്ഡലങ്ങളിലും പ്രിയങ്ക വോട്ട് അഭ്യർഥിച്ച് എത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരിടത്ത് പോലും ജയിക്കാൻ ആകാതെ പോയ കൊല്ലത്ത് ശക്തമായ മടങ്ങിവരവാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം. നേമം അടക്കമുള്ള സ്റ്റാർ മണ്ഡലങ്ങളിലെ പ്രചാരണങ്ങളിലും പ്രിയങ്ക പങ്കെടുക്കും.
ഇന്ദിരാ ഗാന്ധിയുടെ സ്മരണയുണർത്തും വിധം കേരളത്തിൽ പ്രിയങ്കയെ അവതരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിനു പാർട്ടി ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദേശം. തെക്കൻ കേരളത്തിൽ എൽഡിഎഫ് കോട്ട തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ ഏറെ ആരാധകരുള്ള പ്രിയങ്കയെ തന്നെ പ്രചാരണങ്ങൾക്കായി ഇറക്കുന്നത്. കേരളത്തിലെ പ്രചാരണത്തിൽ അധികം എത്താറില്ലാത്ത പ്രിയങ്കയുടെ വരവ് ഗുണം ചെയ്യുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.
Also Read: പിഎം കിസാൻ പദ്ധതി; ജില്ലയിൽ 788 പേർക്ക് തിരിച്ചടവ് നോട്ടീസ്








































