കുവൈറ്റ് സിറ്റി: കോവിഡ് വ്യാപന നിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ കുവൈറ്റിലെ ഭാഗിക കർഫ്യൂ കൂടുതൽ ദിവസം തുടർന്നേക്കുമെന്ന് റിപ്പോർട്. നിലവിൽ ഏപ്രിൽ 8 വരെ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ സാഹചര്യങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ പിന്നീട് പത്ത് ദിവസത്തേക്ക് കൂടിയെങ്കിലും നീട്ടണമെന്ന നിർദ്ദേശം ക്യാബിനറ്റിന്റെ പരിഗണനയിലാണെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
നിലവിൽ രാജ്യത്തെ കോവിഡ് വ്യാപന നിരക്കും മരണവും അത്യാഹിത വിഭാഗങ്ങളിൽ ചികിൽസയിലുള്ള ആളുകളുടെ എണ്ണവും വർധിച്ചു വരികയാണ്. റമദാൻ മാസത്തിലെ ആദ്യ ദിനങ്ങളിലേക്ക് കൂടി ഭാഗിക കർഫ്യൂ നീട്ടുന്ന കാര്യത്തിൽ ക്യാബിനറ്റ് അന്തിമ തീരുമാനമെടുക്കും എന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
കൂടാതെ, പെരുന്നാൾ ദിനത്തിൽ പൂർണ നിയന്ത്രണം ഏർപ്പെടുത്തുമെന്ന സൂചനകളുണ്ടെങ്കിലും ഇക്കാര്യം ഇതുവരെ ക്യാബിനറ്റ് പരിഗണിച്ചിട്ടില്ല. അതേസമയം, അസ്ട്രാസേനക്ക വാക്‌സിന്റെ ഒന്നര ലക്ഷം ഡോസുകൾ കൂടി ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് എത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആഗോള തലത്തിൽ വാക്‌സിനുകൾക്കുള്ള വലിയ ഡിമാന്റ് രാജ്യത്തെയും ബാധിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. രണ്ടാഴ്‌ചയുടെ ഇടവേളകളിൽ വാക്‌സിനുകൾ രാജ്യത്ത് എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്.
Also Read: റമദാനിൽ ജോലി സമയം കുറച്ച് സൗദി അറേബ്യ







































